സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 25 ഫെബ്രുവരി 2010 (10:24 IST)
PRO
ബജറ്റിന് ഒരു ദിനം ബാക്കിനില്‍ക്കേ രാജ്യത്തെ സാമ്പത്തിക രംഗം അവലോകനം ചെയ്യുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ മേശപ്പുറത്ത് വെക്കും. സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം പതിമൂന്നാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടും മുഖര്‍ജി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.

രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയും ഉത്തേജക പാക്കേജ് സാമ്പത്തിക രംഗത്തെ ചെലുത്തിയ സ്വാധീനവും അവലോകനം ചെയ്യുന്നതായിരിക്കും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷം 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രവചിച്ചിരിക്കുന്നതെന്നാണ് സൂചന.

7.2 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സെന്‍‌ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രവചിച്ചിരിക്കുന്നത്. ജൂലൈയില്‍ സഭയില്‍ അവതരിപ്പിച്ച സര്‍വ്വേ റിപ്പോര്‍ട്ടില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യം 7.75 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മുഖര്‍ജിയുടെ പ്രവചനം. രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രവചനങ്ങളെ കവച്ചുവെച്ച് മുന്നേറിയതാണ് ധനകാര്യമന്ത്രാലയത്തിന് ആത്മവിശ്വാസം പകരുന്നത്.

പതിമൂന്നാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ വിജയ് കേല്‍ക്കര്‍ ഡിസംബര്‍ മുപ്പതിനാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് കേന്ദ്രമന്ത്രിസഭയും റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :