നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക കാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സ്റ്റീല്‍, സിമന്‍റ് മേഖലകളില്‍ ഉണര്‍വ് പ്രകടമായതും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമായതും വളര്‍ച്ചാനിരക്ക് കൂട്ടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളോട് സാമ്പത്തിക മേഖല എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തമായാല്‍ മാത്രമേ അവസാനചിത്രം അറിയാനാകൂ എന്ന് പ്രണബ് പറഞ്ഞു. ഭവന നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മന്ത്രി പറഞ്ഞു. നടപ്പ് വര്‍ഷത്തെ ആദ്യ ഒമ്പത് മാസ കാലയളവില്‍ 6.9 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. മൂന്നാം പാദത്തില്‍ മാത്രം 5.3 ശതമാനമായിരുന്നു വളര്‍ച്ച.
അതേസമയം ഏഴ് ശതമാനം സര്‍ക്കാര്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് അത്ര എളുപ്പമാവില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നിശ്ചിത ലക്‍ഷ്യം കൈവരിക്കണമെങ്കില്‍ നാലാം പാദത്തില്‍ മാത്രം 7.7 ശതമാനം വളര്‍ച്ചയെങ്കിലും രാജ്യം കൈവരിക്കണം.
മൂന്നാം പാദത്തില്‍ സേവന മേഖലയില്‍ വളര്‍ച്ച മുന്‍ വര്‍ഷത്തേക്കാള്‍ 9.3 ശതമാനം ഉയര്‍ന്നിരുന്നെങ്കിലും ഇത് നാലാം പാദത്തില്‍ നില നിര്‍ത്താന്‍ കഴിഞ്ഞേക്കില്ല. കാര്‍ഷിക വാണിജ്യ മേഖലയില്‍ കടുത്ത മാന്ദ്യം നില നില്‍ക്കുന്നത് സേവന മേഖലക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ പ്രധാന വിപണിയായ യൂറോപ്പും അമേരിക്കയും മാന്ദ്യത്തിന്‍റെ പിടിയില്‍ നിന്ന് മുക്തമാകാത്തത് രാജ്യത്തിന്‍റെ കയറ്റുമതി മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിപണികള്‍ ആലസ്യത്തിലാണ്.