രാജ്യത്തെ ഏറ്റവും വിലയേറിയ സോപ്പ് മൈസൂര്‍ സാന്ഡല് മില്ലെനിയം കൂടുതല്‍ വിപണികളിലേക്ക്. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡാണു നിര്‍മാതാക്കള്‍. ചന്ദനത്തൈലം ഉപയോഗിച്ചു നിര്‍മിച്ച ഈ സോപ്പ് തമിഴ്നാട്ടിലും അവതരിപ്പിച്ചു. വിപണിയില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും കമ്പനി അധികൃതര്‍. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന ഈ സോപ്പിന് 720 രൂപയാണ് വില.
മഹരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഉടന്‍ ഈ സോപ്പ് ലഭ്യമാകും. ആന്ധ്രയില്‍ നേരത്തേ തന്നെ ഈ സോപ്പ് ലഭ്യമായിരുന്നു. മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണു 75% വരുമാനം ലഭിക്കുന്നതെന്നു കമ്പനി മാര്‍ക്കറ്റിങ് മാനെജര്‍ ഡി.എന്‍. വസന്തകുമാര്‍. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളിലും മില്ലെനിയം സോപ്പ് ഉടന്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.
എന്താണ് ഈ സോപ്പിന്റെ പ്രത്യേകതയെന്നോ? പരിശുദ്ധമായ ചന്ദനത്തൈലം ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മിച്ചിരിക്കുന്നത്. അതായത് ഈ സോപ്പിന്റെ മൂന്ന് ശതമാനം പരിശുദ്ധമായ ചന്ദനത്തൈലമാണ്. ഒരു ലിറ്റര്‍ ചന്ദനത്തൈലത്തിന് 2.1 ലക്ഷമാണു വില. അപ്പോള്‍ പിന്നെ സോപ്പിന് 720 രൂപ വിലയിട്ടതില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ!
ഈ സോപ്പ് വികസിപ്പിച്ചെടുക്കാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുത്തു. പ്രത്യേക തയ്യാറാക്കുന്ന വെജിറ്റബിള്‍ ഓയിലിലാണ് ഈ സോപ്പ് ഉണ്ടാക്കുന്നത്. എന്തായാലും ഈ സോപ്പൊന്ന് പരീക്ഷിച്ച് നോക്കണം എന്ന് ചിന്തിക്കുന്നവരെ ഉദ്ദേശിച്ച് 30 ഗ്രാമിന്റെ ചെറിയ പായ്ക്കും പുറത്തിറക്കിയിട്ടുണ്ട്. ഈ പായ്ക്കിന്റെ വില 125 രൂപയാണ്. നിലവില്‍, രാജ്യത്തെ ഏറ്റവും വിലയേറിയ സോപ്പാണ് സാന്ഡല് മില്ലെനിയം സോപ്പ്.