അഭിറാം മനോഹർ|
Last Modified വെള്ളി, 26 നവംബര്‍ 2021 (13:42 IST)
ദുർബലമായ അന്താരാഷ്ട്ര സാഹഹര്യങ്ങൾ നിക്ഷേപകർക്ക് കനത്ത നഷ്ടമുണ്ടാക്കി ഓഹരിവിപണി.നിഫ്റ്റി 400 പോയന്റിലധികം ഇടിഞ്ഞ് 17,217ലും സെൻസെക്‌സ് 1,300 പോയിന്റിലേറെ നഷ്ടത്തിൽ 17,727ലുമാണ് രാവിലെ പത്തുമണിയോടെ വ്യാപാരം നടന്നത്.
മെറ്റൽ, ബാങ്ക്, റിയാൽറ്റി ഓഹരികളാണ് കനത്തനഷ്ടംനേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 2.5ശതമാനവും റിയാൽറ്റി 3.6ശതമാനവും നഷ്ടം നേരിട്ടു.കോവഡിന്റെ പുതിയവകഭേദം ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതാണ് വിപണിയിൽ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായത്. നിലവിലുള്ള വാക്‌സിനുകൾ പുതിയ കൊവിഡ് വകഭേദത്തിനെതിരെ ഫലപ്രദമാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇതിനെ തുടർന്ന് ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ആരംഭിച്ചതിന് ശേഷം ജർമനിയിലെ മരണം ഒരുലക്ഷം കവിഞ്ഞത് കഴിഞ്ഞദിവസമാണ്. യൂറോപ്പിൽ കൊവിഡ് വ്യാപനം രൂക്ഷമായതും നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
യൂറോപ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏഷ്യൻ വിപണികളിലെല്ലാം തന്നെ വില്പന സമ്മർദ്ദം പ്രകടമായി. ജപ്പാന്റെ നിക്കി 800 (2.7ശതമാനം)പോയന്റും ഹാങ് സെങ് 550 (2.5ശതമാനം)പോയന്റും തകർച്ചനേരിട്ടു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കരുതൽശേഖരം പുറത്തെടുക്കാൻ തീരുമാനിച്ചതോടെ അസംസ്‌കൃത എണ്ണ വുഇലയിൽ ഒരു ശതമാനത്തിന്റെ ഇടിവുണ്ടാക്കി.