അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (19:25 IST)
ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണകമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കും.
ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദ സ്ഥാപനമാണ് സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിന്യൂവബിൾ എനർജി കോർപറേഷൻ. 1200 കോടി രൂപയുടേതാകും ഇടപാട്. 3500 കോടി രൂപയെങ്കിലും ആഗോളതലത്തിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ആഗോളതലത്തിൽ റിലയൻസ് പങ്കാളികളെ തേടിയതായി റിപ്പോർട്ടുകളുണ്ട്.
ഐകിയ, ഓഡി തുടങ്ങിയവ ആർഇസിയുടെ പ്രമുഖ ഉപഭോക്താക്കളാണ്. ഇന്ത്യയിൽ ഗ്രീൻകോ, ആറ്റോമിക് എനർജി വകുപ്പ്, ഈനാട് ഗ്രൂപ്പ് എന്നിവർക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി. ഹരിത ഊർജമേഖലയിലേക്കുള്ള ചുവടുവെപ്പായി റിലയൻസിന്റെ 44മത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി ഭാവി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് പോൾസൺ ആൻഡ് കമ്പനി, ബിൽഗേറ്റ്‌സ് എന്നിവരുമായി സഹകരിച്ച് പ്രമുഖ എനർജി സ്റ്റോറേജ് കമ്പനിയായ ആംബ്രിയെ ഏറ്റെടുക്കുമെന്ന് ഈയിടെ അംബാനി പ്രഖ്യാപിച്ചിരുന്നു.