സിംഗിള്‍സ് തന്നെ പ്രധാനം: സാനിയ

മുംബൈ| WEBDUNIA|
ഡബിള്‍സിനേക്കാള്‍ താന്‍ പ്രാധാ‍ന്യം കൊടുക്കുന്നത് സിംഗിള്‍സ് മത്സരങ്ങള്‍ക്കാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാ‍നിയ.

സിംഗിള്‍സ് മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മൂലം ചില ഡബിള്‍സ് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും സാനിയ സൂചിപ്പിച്ചു. സിംഗിള്‍സില്‍ തന്‍റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ സാനിയ ഡബിള്‍സിനൊപ്പം വ്യക്തിഗത മത്സരങ്ങളും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

പരിക്കിന്‍റെ പിടിയില്‍ നിന്നും മോചിതയായ സാനിയ അടുത്തിടെ മെച്ചപ്പെട്ട പ്രകടനമാണ് കോര്‍ട്ടില്‍ കാഴ്ച്ചവെക്കുന്നത്. മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയ സാനിയ പട്ടായ ഓപ്പണില്‍ സിംഗിള്‍സ് വിഭാഗം ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു.

തന്‍റെ ശാരീരികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സാനിയ മറച്ചുവെച്ചില്ല. അടുത്ത ആഴ്ച ലോസ് ആഞ്ചലസില്‍ പ്രശസ്ത പരിശീലകനായ ഗില്ലിന്‍റെ സേവനം തേടി പോകുകയാണ് സാനിയ. ഒരാഴ്ചയാണ് പരിശീലനം. ആന്ദ്രേ അഗാസിയെയും ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെയും പോലുള്ള പ്രഗത്ഭരെ പരിശീലിപ്പിച്ച വ്യക്തിയാണ് ഗില്‍.

ഇന്ത്യന്‍ ടെന്നീസിന്‍റെ മികച്ച സമയങ്ങളിലൊന്നാണിതെന്ന് സാനിയ പറഞ്ഞു. യുകി ബാംബ്രിയും സോംദേവ് ദേവ് വര്‍മനും മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും സാനിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :