വൈകിയെത്തിയതിന് റോണാള്‍ഡോയ്ക്ക് പിഴ

റോം| WEBDUNIA|
ഔട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്താന്‍ വൈകിയതിന് ഫുട്ബോള്‍ താരം റൊണാള്‍ഡോയ്ക്ക് പിഴ. റൊണാള്‍ഡോയുടെ ക്ലബ്ബായ കോറിന്ത്യന്‍സ് ആണ് സ്റ്റാര്‍ സ്ട്രൈക്കറിന് പിഴ വിധിച്ചത്.

ടീമിനൊപ്പം എവേ ഗെയിംസ് പര്യടനത്തിനിറങ്ങിയ റൊണാള്‍ഡോ അവധി ദിവസമായ വ്യാഴാഴ്ച്ച അടിച്ചുപൊളിക്കാനിറങ്ങിയതാ‍ണ് ശിക്ഷയില്‍ കലാശിച്ചത്. രാത്രി 11 മണിക്ക് മുന്‍പ് മുറിയില്‍ തിരിച്ചെത്തണമെന്നാണ് കളിക്കാര്‍ക്കുള്ള നിര്‍ദ്ദേശം. എന്നാ‍ല്‍ റൊണാള്‍ഡോ ഈ സമയക്രമം പാലിച്ചില്ല.

ടീമിന്‍റെ നിയമം ലംഘിച്ചതിനാണ് പിഴയിട്ടതെന്ന് കോറിന്ത്യന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ബ്രസീലിന്‍റെ ഈ സൂപ്പര്‍ താരം മോചിതനായി വരുന്നതേയുള്ളു. ശാരീരികക്ഷമത വീണ്ടെടുക്കാനായി കടുത്ത പരിശീലനത്തിലാണിപ്പോള്‍ റൊണാള്‍ഡോ.

ജനുവരിയിലാണ് റൊണാള്‍ഡോ കോറിന്ത്യന്‍സിന് വേണ്ടി കരാര്‍ ഒപ്പിട്ടത്. അടുത്ത മാസം പകുതിയോടെ മഞ്ഞപ്പടയുടെ ഈ കരുത്തന്‍ കളത്തില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :