ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് ശരിയായ നടപടി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് ശരിയായ നടപടിയാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി ശരിവെച്ചു. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്നും കമ്മിറ്റി കണ്ടെത്തി.
ഇന്ന് ജസ്റ്റിസ് എകെ പട്‌നായിക് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിസിസിഐയ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ ശ്രീനിവാസന്‍ ഒരേ സമയം ബിസിസിഐ അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ , വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
നേരത്തെ ഐപിഎല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയനായ ശ്രീശാന്തിന് ബിസിസിഐ അച്ചടക്കസമിതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷനാണ് ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
റിപ്പോര്‍ട്ട് അവലോകനം ചെയ്ത ബിസിസിഐ യോഗത്തിലാണ് താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. താരങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ വിലക്ക്, അല്ലെങ്കില്‍ ആജീവനാന്ത വിലക്ക് തന്നെ നല്‍കണമെന്നായിരുന്നു രവി സാവിനിയുടെ ശുപാര്‍ശ.
ഒത്തുകളി ആരോപണം നേരിടുന്ന കളിക്കാരെ ചോദ്യംചെയ്തതിലൂടെയും ഡല്‍ഹി പോലീസ് നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താരങ്ങള്‍ കുറ്റക്കാരാണെന്ന നിഗമനത്തിലെത്തിയത്.