ലോക ഫുട്ബോളിലെ രാജാക്കന്‍മാരായ ബ്രസീലിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇത് അഞ്ച് തവണ ലോക കിരീടത്തില്‍ മുത്തമിട്ട മഞ്ഞപ്പടയ്ക്ക് ഒട്ടും അഭിമാനിക്കാവുന്ന നേട്ടമല്ലെന്ന് മാത്രം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ നടന്ന ദുരന്തങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട രാജ്യമെന്ന റെക്കോര്‍ഡാണ് ബ്രസീല്‍ സ്വന്തമാക്കിയത്.
42 പേരുടെ ജീവനാണ് ഗ്രൌണ്ടിലെ സംഘര്‍ഷം മുലം ബ്രസീലില്‍ പൊലിഞ്ഞതെന്ന് ഒരു പഠനത്തില്‍ വ്യക്തമായി. 2014ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം പകരുന്നതല്ല ഈ കണക്കുകള്‍.
ഗ്രൌണ്ടില്‍ ഇരുടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടിയതിലൂടെയാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചതെന്ന് റിയോഡി ജനീറോ സര്‍വകലാശല നടത്തിയ പഠനത്തില്‍ പറയുന്നു. പഠനം തുടങ്ങിയപ്പോള്‍ ആദ്യ സ്ഥാനത്ത് ഇറ്റലിയും രണ്ടാം സ്ഥാനത്ത് അര്‍ജന്‍റീനയുമായിരുന്നു. ബ്രസീല്‍ മൂന്നാമതായിരുന്നു.
എന്നാല്‍ പഠനം പുരോഗമിച്ചപ്പോള്‍ ബ്രസീല്‍ ഒന്നാമതായി. ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് തടയാനുള്ള നിയമമില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണം. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് 2004നും2008നും ഇടയിലുള്ള കാലയളവിലായിരുന്നു. ശരാശരി ഒരു വര്‍ഷം 5.6 പേര്‍ വെച്ചാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്.