ട്രാക്കിലെ കൊടുങ്കാറ്റ് ഉസൈന്‍ ബോള്‍ട്ട് 2016-ലെ ഒളിമ്പിക്സിനുശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. ജമൈക്കന്‍ സ്പ്രിന്റര്‍ ബോള്‍ട്ട് ബ്രസീലിലെ റിയോ ഡി ജെനെയ്റോയില്‍ നടക്കുന്ന ഒളിമ്പിക്സിന് ശേഷം താന്‍ വിരമിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.
കരിയറിന്റെ ഔന്നത്യത്തില്‍ നില്ക്കുമ്പോള് കളം വിട്ട പെലെയും മുഹമ്മദ് അലിയെയും പോലെ വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. മോസ്കോയിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടാനായെങ്കിലും അത് തന്റെ സ്റ്റെലില്‍ ആയില്ലെന്നാണ് ബോള്‍ട്ട് പറയുന്നത്.
ട്രാക്കില്‍ വീണ്ടും കിരീടങ്ങള്‍ നേടാന്‍ സാധിക്കുമെന്ന് സ്വയം ബോധ്യപ്പെടുകയാണെങ്കില്‍ തിരിച്ചുവരവിന് സാധ്യതയുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു. തന്റെ പ്രിയ ഇനമായ 200 മീറ്ററില്‍ റെക്കോഡ് ഭേദിക്കുകയാണ് ഏറ്റവും അടുത്ത ലക്ഷ്യമെന്നും ബോള്‍ട്ട് പറഞ്ഞു.
സ്പ്രിന്റില്‍ 6 ഒളിംപിക് സ്വര്‍ണ മെഡലുകള്‍ ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8 സ്വര്‍ണം നേടുന്ന താരങ്ങളില്‍ ബോള്‍ട്ടും സ്ഥാനം പിടിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്.