ബാര്‍സലോണ|
WEBDUNIA|
Last Modified ചൊവ്വ, 28 ജൂലൈ 2009 (15:59 IST)
ബെല്‍ജിയത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബ്ബും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സഹോദര സ്ഥാപനവുമായ റോയല്‍ ആന്‍റ്‌വെര്‍പ് ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളെ തേടി ബാര്‍സലോണയില്‍. ഇന്ത്യന്‍ ഫുട്ബോളര്‍മാരിലെ മികവുറ്റവരെ തേടിയാണ് ആന്‍റ്‌വെര്‍പ് ചെയര്‍മാനും സംഘവും ഇപ്പോള്‍ ബാര്‍സലോണയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങള്‍ കാണാനെത്തുന്നത്. ഈ ആഴ്ച അവസാനം ബാര്‍സലോണയില്‍ എത്തുന്ന ക്ലബ്ബ് അധികൃതര്‍ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഉടന്‍ സമര്‍പ്പിക്കും.
ആദ്യം ചില ഇന്ത്യന്‍ താരങ്ങളെ ട്രയല്‍സിനായി ബെല്‍ജിയത്തിലേക്ക് അയക്കാനാണ് ക്ലബ്ബ് ആവശ്യപെട്ടത്. എന്നാല്‍ ഇന്ത്യന്‍ കോച്ച് ഡേവ് ഹൂട്ടണ്‍ ആവശ്യപ്പെട്ടത് പ്രകാരം ക്ലബ്ബ് അധികൃതര്‍ പരിശീലനം കാണാന്‍ നേരിട്ടത്തെമെന്ന് സമ്മതിക്കുകയായിരുന്നു. ഫിഫ ലൈസന്‍സുള്ള എജന്‍റായ എഡ്ഡി റോക്കിന്‍റെ ലിബര്‍ട്ടോ സ്പോര്‍ട്സില്‍ അംഗത്വമെടുത്തിട്ടുള്ള ഇന്ത്യതാരങ്ങളെ തേടിയാണ് ബെല്‍ജിയന്‍ ക്ലബ്ബ് എത്തുന്നത്.
ഇന്ത്യന്‍ താരങ്ങളായ സ്റ്റീവന്‍ ഡയസ്, ഗോള്‍ കീപ്പര്‍ സുബ്രതാ പോള്‍, മലയാളി താരം എന്‍ പി പ്രദീപ്, ഗൌര്‍ മാംഗി സ്മിഗ്, അഭിഷേക് യാദവ് എന്നിവരാണ് ലിബര്‍ട്ടോ സ്പോര്‍ട്സില്‍ അംഗത്വമെടുത്തിട്ടുള്ളത്.
ബെല്‍ജിയത്തിലെ മുന്‍നിര ക്ലബ്ബുകളിലൊന്നാണ് ആന്‍റ്‌വെര്‍പ്പ് എന്നതിന് പുറമെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സഹോദര സ്ഥാപനം കൂടിയാണിതെന്ന് ഇന്ത്യന്‍ താരങ്ങളുടെ പ്രതീക്ഷ കൂട്ടുന്നു. പരിശീലനത്തിനായി യുണൈറ്റഡ് ആന്‍റ്വെര്‍പ്പിലേക്ക് സ്ഥിരമായി കളിക്കാരെ അയക്കാരുണ്ട്.