ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വെസ്റ്റ് ബ്രോംവിച്ചിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. ഇതോടെ ലീഗില്‍ 22 മല്‍സരങ്ങളില്‍ നിന്നായി മാഞ്ചസ്റ്ററിന് 50 പോയന്‍റായി.
ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഇരട്ടഗോളുകളായിരുന്നു കഴിഞ്ഞ മല്‍സരത്തിന്‍റെ സവിശേഷത. ദിമിറ്റര്‍ ബെര്‍ബറ്റോവ്, കാര്‍ലോസ് ടെവസ്, നെമാന്യ വിദിച്ച് എന്നിവരാണ് മാഞ്ചസ്റ്ററിന് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്. ലീഗില്‍ ഗോള്‍ വഴങ്ങാതെ 11 മല്‍സരം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ പുതിയ റെക്കോഡിട്ടു. 2004-05 സീസണില്‍ ചെല്‍സി സ്ഥാപിച്ച റെക്കോഡാണ് മാഞ്ചസ്റ്റര്‍ തകര്‍ത്തത്.
മറ്റ് മല്‍സരങ്ങളില്‍ ടോട്ടനം ഹോട്സ്പര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്റ്റോക്സിറ്റിയേയും സണ്ടര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് ഫുള്‍ഹാമിനെയും പരാജയപ്പെടുത്തി.
ലീഗില്‍ 22 മല്‍സരങ്ങളില്‍ നിന്ന് 47 പോയന്‍റുള്ള ലിവര്‍പൂള്‍ ആണ് രണ്ടാം സ്ഥാനത്ത്. പോര്‍ട്സ്മത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപെടുത്തിയതോടെ 23 മല്‍സരങ്ങളില്‍ നിന്ന് 47 പോയന്‍റുമായി ആസ്റ്റണ്‍ വില്ല മൂന്നാമതെത്തി. 22 മല്‍സരങ്ങളില്‍ നിന്ന് 45 പോയന്‍റുള്ള ചെല്‍സിയാണ് നാലാമത്.