'ബ്ലേഡ് റണ്ണര്‍' എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസ് കാമുകിയെ കൊന്നതിന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രിട്ടോറിയയിലുള്ള ഇയാളുടെ വസതിയിലാണ് സംഭവം നടന്നത്. വാലന്റൈന്‍ ദിനത്തില്‍ ഓസ്‌കറിനെ അതിശയിപ്പിക്കാന്‍ വേണ്ടി പുലര്‍ച്ചെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ കാമുകിയെ കവര്‍ച്ചക്കാരനെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ആദ്യ നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു.
ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വികലാംഗനെന്ന നിലയില്‍ ചരിത്രം സൃഷ്‌ടിച്ചും പാരാലിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവായും പിസ്റ്റോറിയോസ് അത്ഭുതം സൃഷ്ടിച്ചിരുന്നു. ഇരുകാലുകളിലും കാല്‍മുട്ടിനുകീഴെ എല്ലുകളില്ലാതെയാണ് പിസ്റ്റോറിയസ് ജനിച്ചത്. പതിനൊന്നാം വയസ്സില്‍ കാല്‍മുട്ടുകള്‍ക്ക് കീഴെ ഇരുകാലുകളും മുറിച്ചുമാറ്റി. കാലുകള്‍ക്ക് പകരം ഓടാനായി പിസ്റ്റോറിയസ് ഉപയോഗിച്ച് ബ്ലേഡുകളാണ് അദ്ദേഹത്തിന് "ബ്ലേഡ് റണ്ണര്‍" എന്ന പേര് സമ്മാനിച്ചത്.
ദക്ഷിണകൊറിയയിലെ ദേഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിനും 2012-ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സിലും കാലുള്ളവര്‍ക്കൊപ്പം മത്സരിക്കാനുള്ള യോഗ്യത നേടി. ആരാധക പിന്തുണയില്‍ മനം നിറഞ്ഞ് പിസ്‌റ്റോറിയസ് ഒളിമ്പിക് പോരാട്ടം പൂര്‍ത്തിയാക്കി. കൃത്രിമക്കാലുകളുമായി 400 മീറ്റര്‍ ഓട്ടത്തില്‍ സെമിയില്‍ക്കടന്ന് ചരിത്രം കുറിച്ചെങ്കിലും ഫൈനലിലേക്ക് മുന്നേറാനായില്ല.
വികലാംഗര്‍ക്കുള്ള പാരലിമ്പിക്‌സില്‍, ബെയ്ജിങ്ങില്‍ മൂന്ന് സ്വര്‍ണമെഡലുകളാണ് പിസ്‌റ്റോറിയസ് സ്വന്തമാക്കിയത്. 100, 200, 400 മീറ്റര്‍ ഇനങ്ങളില്‍. കാര്‍ബണ്‍ ഫൈബര്‍ ബ്ലേഡുകള്‍ കാലില്‍ ഘടിപ്പിച്ചാണ് പിസ്‌റ്റോറിയസ് ഓടുന്നത്. കായികരംഗത്തെ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് ഇദ്ദേഹത്തിന് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്