അഭിറാം മനോഹർ|
Last Modified ഞായര്‍, 22 ഡിസംബര്‍ 2019 (10:07 IST)
ഫിഫയുടെ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന് കിരീടം. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കോപ്പ ലിബെർട്ടഡോറസ് ജേതാക്കളും ബ്രസീലിയൻ ക്ലബുമായ ഫ്ലമെംഗോയെയാണ്
ലിവർപൂൾ മറികടന്നത്. നിശ്ചിത സമയം ഗോൾ രഹിതമായതിനെ തുടർന്ന് അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിലാണ് ചെമ്പട വിജയം സ്വന്തമാക്കിയത്. ബ്രസീലിയൻ സ്ട്രൈക്കറായ റോബർട്ടോ ഫിർമിനോയാണ് മത്സരത്തിൽ ലിവർപൂളിന്റെ വിജയഗോൾ സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ലിവർപൂൾ ക്ലബ് ലോകകപ്പ് ക്ലബ് ഫുട്ബോൾ കിരീടം സ്വന്തമാക്കുന്നത്. 2005ൽ ചെമ്പട ലോകകപ്പ് ഫൈനലിൽ കളിച്ചിരുന്നെങ്കിലും സാവോപോളോ എഫ് സിയോട് (0-1)ന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ വിജയിച്ചതോടെ 2008ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് ശേഷം ക്ലബ് ഫുട്ബോൾ സ്വന്തമാക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് ക്ലബെന്ന നേട്ടത്തിനും ലിവർപൂൾ അർഹരായി.