'കരയരുത്...എനിക്ക് നിങ്ങള്‍ കരയുന്ന ശബ്ദം കേള്‍ക്കാം'; മോദിയുടെ ഫോണ്‍ കോളിനിടെ പൊട്ടിക്കരഞ്ഞ് വനിത ഹോക്കി താരങ്ങള്‍, വീഡിയോ

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (16:29 IST)

ഒളിംപിക്‌സിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോട് തോറ്റ ഇന്ത്യന്‍ വനിത ഹോക്കി ടീമിനോട് ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനമാണ് ഹോക്കി ടീം ഉയര്‍ത്തിപ്പിടിച്ചതെന്ന് മോദി പറഞ്ഞു. തോല്‍വിയുടെ വിഷമത്തില്‍ നില്‍ക്കുകയായിരുന്ന ടീം അംഗങ്ങളെ മോദി സമാധാനിപ്പിച്ചു.

മോദിയോട് സംസാരിക്കുന്നതിനിടെ ഹോക്കി ടീം താരങ്ങള്‍ പൊട്ടിക്കരഞ്ഞു. 'നിങ്ങളുടെ കരയുന്ന ശബ്ദം എനിക്ക് കേള്‍ക്കാം. കരയാതിരിക്കൂ...രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണ്,' ഹോക്കി ടീം താരങ്ങളോട് മോദി പറഞ്ഞു.

ലൂസേഴ്‌സ് ഫൈനലില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. 3-2 ന് ലീഡ് ചെയ്ത ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറിലാണ് ബ്രിട്ടന്റെ വിജയഗോള്‍ പിറന്നത്. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :