ഹോക്കി സ്റ്റാർസ് പുരസ്‌കാര വേദിയിൽ ഇന്ത്യൻ ആധിപത്യം, സവിത പുനിയയും ശ്രീജേഷും മികച്ച ഗോൾകീപ്പർമാർ

അഭിറാം മനോഹർ| Last Updated: ബുധന്‍, 6 ഒക്‌ടോബര്‍ 2021 (17:54 IST)

2020-2021 സീസണിലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) ഹോക്കി സ്റ്റാര്‍സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിലടക്കം മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇന്ത്യൻ ഹോക്കീ ടീമുകളുടെ ആധിപത്യമാണ് പുരസ്‌കാരത്തിലും ദൃശ്യമായത്.

ഇന്ത്യയുടെ ഡ്രാഗ് ഫ്‌ളിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും യഥാക്രമം മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോൾ മികച്ച ഗോൾകീപ്പർമാരായി ഇന്ത്യയുടെ സവിത പുനിയയേയും പിആർ ശ്രീജേഷിനെയും തിരെഞ്ഞെടുത്തു.

മികച്ച പുരുഷ വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരവും ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി.

ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍മാരും പരിശീലകരും നടത്തിയ വോട്ടിങിന്റെ അവസാനമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു വോട്ടിങ്. ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി ടീം 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം സെമിയിൽ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :