ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ കായികതാരത്തിന്റെ പരാതി

കൊച്ചി| Last Updated: ചൊവ്വ, 6 ജനുവരി 2015 (11:28 IST)
കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ പരാതി. മത്സരാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ നല്കാത്തതിനെതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പായ്‌വഞ്ചി തുഴച്ചില്‍ മത്സരാര്‍ത്ഥി സനീഷ് ആണ് പരാതി നല്‍കിയത്. ഏഴു ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടു വരണം എന്നാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വനിതകളെ പായ്‌വഞ്ചി തുഴച്ചില്‍ മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതിനിടയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കേരളത്തിലെ ദേശീയ ഗെയിംസ് സംഘാടക സമിതിക്ക് അന്ത്യശാസനം നല്കി. സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാക്കാത്തതില്‍ ഐ ഒ എ പ്രതിനിധി ആശങ്ക അറിയിച്ചു. ഒരു സ്വകാര്യ വാര്‍ത്താചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് ഐ ഒ എ ജോയിന്റ് സെക്രട്ടറി രാകേഷ് ഗുപ്ത ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്.

സ്റ്റേഡിയങ്ങളുടെ പണി ഇങ്ങനെ പോകുകയാണെങ്കില്‍ ദേശീയ ഗെയിംസ് എങ്ങനെ നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. ജനുവരി 15നു സ്റ്റേഡിയങ്ങള്‍ പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയങ്ങള്‍ തയ്യാറായില്ലെങ്കില്‍ പകരം സംവിധാനം ആരായും. ഗെയിംസ് മാറ്റിവെയ്ക്കണമോ എന്നത് സംബന്ധിച്ച് 15നു നടക്കുന്ന പരിശോധനയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വലിയ തോതിലുള്ള പ്രശ്നങ്ങളാണ് മിക്കയിടങ്ങളിലും സംഘാടകര്‍ നേരിടുന്നത്. പണി പൂര്‍ത്തിയാകാത്തതിനാല്‍ പരിശീലനത്തിനു വേദികള്‍ വിട്ടു കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് കായികതാരങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയഗെയിംസ് നടത്തിപ്പില്‍ അതൃപ്തിയുള്ളവര്‍ രാജി വെച്ച് മാറിനില്‍ക്കുന്നതും അസ്വസ്ഥത സൃഷ്‌ടിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :