സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:55 IST)
ഓണക്കളികളില്‍ ഏറ്റവും ആവേശമുണര്‍ത്തുക ഓണത്തല്ലാണ്. കരുത്തും ബാലന്‍സും തെളിയിക്കേണ്ട ഒരു കായികവിനോദമാണ് ഇത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. തമിഴ്‌നാട്ടിലെ ചേരിപ്പോരുമായി ഇതിന് സാമ്യമുണ്ട്. ആട്ടക്കളവും ഓണവിനോദങ്ങളില്‍ പ്രാധാന്യമുള്ളവ തന്നെ. ഇപ്പോഴത്തെ കബഡിയോട് സാമ്യമുള്ള കളിയാണ് ഇത്. കളത്തിനുള്ളിലുള്ളവരെ പുറത്താക്കിയാല്‍ കളി ജയിച്ചുവെന്നതാണ് ഇതിന്റെ നിയമം. കരടിക്കെട്ട് ആണ്‍ കലാരൂപമാണ്. കരടിയുടെ രൂപം കെട്ടി നടക്കുക.
ക്രിക്കറ്റിന്റെ പ്രാഥമിക രൂപമായി കണക്കാക്കാവുന്ന കുട്ടീംകോലുമാണ് മറ്റൊരു കളി. പച്ചയോല മടഞ്ഞുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിക്കുന്ന തലപ്പന്ത് കളിയും നാട്ടിന്‍പുറങ്ങളിലെ ഓണക്കളിയാണ്. ചവിട്ടുകളിയെന്ന വിനോദം പാട്ടിനൊപ്പിച്ച് ചുവടുവെച്ചുകളിക്കുന്നതാണ്. രണ്ട് സംഘമായാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുക. പാട്ടിനൊത്ത മറുപാട്ട് ചുവടുവച്ചുപാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കളിയില്‍ പരാജയപ്പെടുമെന്നതാണ് ഇതിന്റെ നിയമം.
'ഓണവില്ല്' എന്ന സംഗീത ഉപകരണം ഓണവിനോദത്തിന്റെ ഭാഗമാണ്. ഓണവില്ല് കൊട്ടിപ്പാടി വരുന്ന ഗായകനൊപ്പം മാവേലിയുടെ വേഷമണിഞ്ഞ് ഓലക്കുടയും പാളമുഖംമൂടിയുംചൂടി നടത്തുന്ന മാതേവര്‍കളിയെന്ന വിനോദം ഓണത്തിനോടനുബന്ധിച്ച് ഒരു കാലത്ത് ഉണ്ടായിരുന്നു.