പാപ്പുവെന്ന സാഹസികന് പൊലീസിനെ പേടിയായതെങ്ങനെ? നിസ്സാരം, അകലെയുള്ള സുഹൃത്ത് ക്ഷണിച്ചപ്പോള്‍ ഷാപ്പിലൊന്നു കയറി (കഷ്ടകാലത്തിന് അയാളൊരു ബ്ലോഗറായിരുന്നു...പാപ്പുവറിയാത്ത ലോകം പാപ്പുവിനെ അറിയാന്‍ പിന്നെന്തെങ്കിലും വേണോ?). ഒരു കുപ്പി മൂത്തവനെ വാങ്ങി അങ്ങ് പെരുക്കി. പിന്നെ അടുത്തതിന് പറഞ്ഞു. അപ്പോഴുണ്ട് തൊട്ടപ്പുറത്ത് ഇരുന്ന ആള്‍ പാപ്പുവിനെ അടിമുടി അളക്കുന്ന രീതിയില്‍ ഒന്നു നോക്കി. ഉടനൊരു ചോദ്യവും ആ സൂക്ഷ്‌മദൃക് എയ്തുവിട്ടു, “എന്തെടാ നിന്‍റെ പേര്? ”
പാപ്പു സുഹൃത്തിനെയൊന്നു നോക്കി. അവന്‍ ആകെ ചൂളി, മുട്ടോളമെത്തുന്ന ജൂബ്ബ നനച്ചപ്പോള്‍ കുട്ടിയുടുപ്പിന്‍റെ പരുവത്തിലായി എന്ന് പറഞ്ഞപോലെ ഉള്ള ശരീരം ചുരുക്കി പാവത്തെ പോലിരിക്കുന്നു. രസികന്‍ കൂടിയായ പാപ്പു താന്‍ ഇപ്പോ അടികൊടുക്കുമെന്ന് കരുതിയാണ് ഈ ചൂളലും പിടയലുമൊക്കെ എന്നു വിശ്വസിച്ച് രംഗമങ്ങ് കൊഴുപ്പിച്ചേക്കാമെന്ന് തീരുമാനിച്ചു. മുന്നിലിരിക്കുന്നത് ഉള്ളില്‍ ചെല്ലട്ടെ, പിന്നെ പേരുപറയാമെന്ന് കവിതാരൂപേണ പാപ്പു മറുപടി നല്‍കി.
കവിത ചൊല്ലിത്തീര്‍ന്നില്ല, അതിനിപ്പുറം കിട്ടി ചെവിമൂടിയൊരെണ്ണം! പകുതി തീര്‍ത്ത കള്ളിന്‍റെ കുപ്പിയും ഷാപ്പിന്‍റെ മറയുടെ ഏതാനും പലകകളും പൊളിച്ച് ഒറ്റ വീഴ്ച. ഇപ്പോള്‍ പാപ്പു ഷാപ്പിലാന്നോ എന്ന് ചോദിച്ചാല്‍ അല്ല റോഡിലാന്നോ എന്ന് ചോദിച്ചാല്‍ അതുമല്ല എന്ന് പറയേണ്ട അവസ്ഥയിലാണ്. അടി വീഴും വരെ ചോദിച്ചത് പൊലീസാണെന്ന ധാരണ പാപ്പുവിനുണ്ടായില്ല. എന്നാല്‍, നഗരത്തില്‍ നിന്ന് വന്ന “കുശാഗ്ര” ബുദ്ധിക്ക് അതിയാന്‍റെ സോക്സിന്‍റെ നിറത്തില്‍ (കാക്കി)നിന്ന് “പുള്ളി” ആരെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ചാടി എണീറ്റ പാപ്പു...ഒന്നും മിണ്ടാതെ പറ്റ് തീര്‍ത്ത് വെളിയിലോട്ട് ഇറങ്ങി; കൂട്ടുകാരന്‍ അപ്പോഴും സ്തംഭനാവസ്ഥയില്‍ തന്നെ. വെളിയിലിറങ്ങിയ പാപ്പു ഒറ്റയോട്ടം, അതിനിടെ ഒരു വാക്യം കൂട്ടുകാരനു വേണ്ടി സമര്‍പ്പിക്കാനും മറന്നില്ല, “ വേണമെങ്കില്‍ ഓടിക്കോ”. പാപ്പു പിന്നീട് ഈ സംഭവത്തെ കുറിച്ച് സുഹൃത്തിനോട് ഇങ്ങനെ വിവരിച്ചു, “പ” കാരങ്ങളെ വിശ്വസിക്കരുത്, പ്രത്യേകിച്ച് പൊലീസിനെ!
എന്തായാലും പാപ്പു പറഞ്ഞത് നേരെങ്കില്‍ “ ഇനി വീട്ടിലും കിട്ടുമായിരിക്കും”!