മഴ വരമാണ് ഉണ്ണീ‍

P.S. AbhayanWD
മഴയത്ത് കുടപിടിക്കാം എന്നാല്‍ കിടക്കയില്‍ അതും അര്‍ദ്ധരാത്രിക്ക് കുടചൂടേണ്ടതുണ്ടോ? മുഖ്യന്‍ നഗരത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ബോധവല്‍ക്കരണം ‘ആരോ അര്‍ദ്ധരാത്രിയില്‍ കുട പിടിച്ച ’ പോലെ അസ്ഥാനത്ത് ആയോ എന്ന് ഒരു സംശയം!

മുഖ്യന്‍ ഉവാച: മഴ പ്രകൃതിയുടെ വരദാനമാണ്-ആണല്ലോ. വീണ്ടും ഉവാച: സംസ്ഥാനത്തെ എല്ലാജനങ്ങളും മഴക്കെടുതി അനുഭവിക്കുന്നു, തിരുവനന്തപുരത്തെ ജനങ്ങളും ഇത് മനസ്സിലാക്കണം-ഓക്കെ, മനസ്സിലാക്കാം. ഇതെല്ലാം എന്തിനാണ് സമ്മതിച്ചത് എന്നാവും വായനക്കാരുടെ ചോദ്യം.

ചെയ്യാവുന്ന കാര്യമല്ലേ മുഖ്യന്‍ പറഞ്ഞുള്ളൂ. സുല്‍ത്താന്‍ ബത്തേരിയില്‍ ആനയിറങ്ങിയതിനാല്‍ തിരുവനന്തപുരത്ത് പടക്കം പൊട്ടിച്ച് ആനയെ പേടിപ്പിക്കണം എന്ന് പറഞ്ഞില്ലല്ലോ! മഴ എല്ലായിടത്തുമുണ്ട് കിഴക്കേ കോട്ടമാത്രം എന്താണിത്ര പ്രത്യേകത.

ഈ നഗരം തലസ്ഥാനമാണ് എന്ന് കണക്കാക്കാതെയാണല്ലോ പടത്തലവാ അങ്ങയുടെ വെള്ളക്കെട്ട് പരാമര്‍ശം! കിഴക്കേ കോട്ടയില്‍ കെട്ടിക്കിടക്കുന്നത് സാധാരണ വെള്ളമല്ല ഓടയില്‍ നിന്നുള്ളതാണെന്ന് മനസ്സിലാക്കാതെയാണല്ലോ അങ്ങീ പ്രസ്താവന നടത്തിയത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഓടവെള്ളമല്ല കവിയുന്നത് എന്നും അങ്ങ് മനസ്സിലാക്കൂ ജനനായകാ. ഇതിനായി ഇക്കലമത്രയും ചെലവഴിച്ച പണം നമുക്ക് ഒരുമിച്ച് മറക്കാം!

നമ്മള്‍ നിങ്ങളുടെ പ്രജകള്‍! എന്തും അനുസരിക്കാമെന്ന കരാറില്‍ നിങ്ങളാല്‍ ഭരിക്കപ്പെടുന്നു. എന്നാല്‍ നമുക്ക് ‘വിദേശ തുട്ടുകള്‍’ നല്‍കുന്ന വിദേശികളും ഇത് അനുഭവിക്കണോ? പാവങ്ങളുടെ പണം പിഴിയാന്‍ ‘ഗോഡ്സ് ഓണ്‍ ലാന്‍ഡ്’ എന്നും മറ്റും വിളിച്ചു കൂവി ഈ ഓടജലത്തില്‍ ഇറക്കി നടത്തണോ?

പേടിക്കണ്ട വി എസേ, ഭരണമായാല്‍ പല ആരോപണങ്ങളും കേള്‍ക്കേണ്ടി വരും. ഇതിനെല്ലാം പ്രതികരിക്കരുത്. ഇതിനൊക്കെ നമ്മുടെ മോഡി സാറിനെ കണ്ടു പഠിക്കണം. കലാപത്തിന്‍റെ മാത്രമല്ല രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കാരണവും താനാണെന്ന് ആ മുഖത്ത് നോക്കി അങ്ങ് പറഞ്ഞാട്ടെ, ആ മാലാഖ ഒറ്റ പുഞ്ചിരിയില്‍ മറുപടി ഒതുക്കും. അപ്പോള്‍ ആരോപണം ഉന്നയിച്ച നമുക്ക് തോന്നും ആരാ കുറ്റക്കാരന്‍ ഞാനോ; താനോ?

ആലോചിച്ചാല്‍ ഇതിനെല്ലാം പരിഹാരങ്ങളും ഉണ്ട്. ഈ മഴക്കാലത്ത് കിഴക്കേ കോട്ടയില്‍ വേണമെങ്കില്‍ ഹൌസ് ബോട്ട് ഇറക്കി പരീക്ഷണം നടത്താമല്ലോ- വിദേശികള്‍ക്ക് സന്തോഷമാവും നമുക്ക് പണവും ലഭിക്കും. ഇതു കൂടാതെ വേണമെങ്കില്‍ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി വെള്ളക്കെട്ട് ബാധിത പ്രദേശത്ത് നിര്‍ത്തി വച്ച് പകരം വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍‌വീസുകള്‍ തുടങ്ങുകയും ചെയ്യാം. ഇതൊന്നുമല്ല ജനങ്ങള്‍ക്ക് അത്ര പ്രയാസമാണെങ്കില്‍ മഴക്കാലത്ത് കിഴക്കേകോട്ട ബസ് സ്റ്റേഷനും മറ്റും തമ്പാനൂരേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്യാം!

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്‍റെ ഇളയ കുട്ടി ചരിത്ര പാഠം ഉറക്കെ വായിക്കുന്നത് ഓര്‍മ്മ വരുന്നു... ഇങ്ങനെയാണ് ‘തുഗ്ലക്കിന്‍റെ ഭരണ പരിഷ്കാരം’ എന്ന പ്രയോഗമുണ്ടായത്.




PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :