ഒന്ന് വെച്ചാല്‍ പത്ത് പത്തു വെച്ചാല്‍ നൂറ്..വെയ് രാജ വെയ്...ലേലം പൊടി പൊടിക്കുകയാണ്. സ്ഥലം കേന്ദ്ര മന്ത്രിസഭയായത് കൊണ്ടും പറച്ചിലിന് ഒരു തമിഴ് ചുവയുള്ളത് കൊണ്ടും കുലുക്കിക്കുത്തുക്കാരനെ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്. പേരില്‍ തന്നെ രാജാവയ ഒരു മന്ത്രി ഇരുന്ന് സ്പെക്ട്രം ലേലം നടത്തുകയാണ്. ഇടക്കിടെ ‘തിരക്ക് കൂട്ടല്ലെ.. ആദ്യം വന്നവര്‍ക്ക് ആദ്യം’ എന്നൊക്കെ കക്ഷി വിളിച്ചു പറയുന്നുണ്ട്. സംഗതി കണ്ടപ്പോള്‍ കൊള്ളാമെന്ന് രാജ്യത്തെ മൊബൈല്‍ ഏമാന്മാര്ക്കും തോന്നി.
പലരും വെച്ചു. ഒന്നും പത്തുമൊന്നുമല്ല. ആയിരവും പതിനായിരവും(എല്ലാം കോടിയാണ്). അങ്ങനെ കളത്തില്‍ വെച്ചവര്‍ക്കെല്ലാം സ്പെക്ട്രം വാരിക്കോരി കൊടുത്തു. പന്തിയില്‍ പക്ഷഭേദം പാടില്ലെങ്കിലും ചിലര്‍ മറ്റവന് കൂടുതല്‍ കിട്ടി എനിക്കു കുറഞ്ഞു പോയി എന്നൊക്കെ പരാതി പറഞ്ഞപ്പോള്‍ ഉള്ളതു കൊണ്ട് ഓണം..അല്ല പൊങ്കല്‍ പോലെ എന്ന് പറഞ്ഞു മന്ത്രി സമാധാനിപ്പിച്ചു. എന്നിട്ടും ചിലരുടെ മുറുമുറുപ്പ് അവിടവിടെ അവശേഷിച്ചുവെങ്കിലും രാജമന്ത്രി എല്ലാം സൈലന്റ്മോഡില്‍ കൈകാര്യം ചെയ്തു.
13 സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നേടിയ 'സ്വാന്' എന്നൊരു കമ്പനി 1537 കോടി രൂപക്ക് സ്വന്തമാക്കിയ സ്പെക്ട്രം ഒരാഴ്ചയ്ക്കുള്ളില്‍ 45 ശതമാനം ഓഹരികള്‍ യു എ ഇ യിലെ ടെലികോം ഭീമന്മാരായ എറ്റിസലാറ്റിന് 4500 കോടി രൂപക്ക് മറിച്ചു വിറ്റു സ്വാഹയടിച്ചു.
'യൂണിടെക്' എന്നൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാരനാവട്ടെ 1651 കോടി രൂപയ്ക്കു വാങ്ങിയ സ്പെക്ട്രം ലൈസന്‍സിന്റെ 60 ശതമാനം ആഴ്ചകള്‍ക്കുള്ളില്‍ 'ടെലിനോര്‍' എന്ന നോര്‍വീജിയന്‍ കമ്പനിക്ക് 6200 കോടി രൂപക്ക് വിറ്റു. ഈ വര്‍ണരാജിയില്‍ മന്ത്രിയുടേതൊഴികെ മറ്റ് പലരുടെയും കാഴ്ച പോയി. അപ്പോഴും നമ്മുടെ ബെല്ലാരി രാജ കുലുങ്ങിയില്ല.