സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

WEBDUNIA| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2009 (16:51 IST)
PRO
ഇനി വെറും രണ്ടു വര്‍ഷം! സെക്രട്ടറി സഖാവ് ആകെ ബേജാറിലാണ്. എന്നും രാവിലെ ആ കസേരയെ നോക്കി നെടുവീര്‍പ്പിടും. രണ്ടുവര്‍ഷം കൂടി മാത്രമേ ഇനി അതില്‍ ഇരിക്കാനൊക്കൂ. പിന്നില്‍ നിന്ന് കുത്താന്‍ വലിയ ‘എസ്’ കത്തിയും പണിഞ്ഞ് കാത്തിരിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആ കസേരയില്‍ ആസനമുറപ്പിക്കും. ആലോചിച്ചിട്ട് എത്തുമില്ല പിടിയുമില്ല.

ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍‌മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!

‘സെക്രട്ടറി’ എന്ന പേരുള്ളതു കൊണ്ടാ ഇതുവരെ പിടിച്ചുനിന്നത്. തലപോകുന്ന എത്ര പ്രശ്നങ്ങള്‍ വന്നു, ഈസിയായി നേരിട്ടില്ലേ? നമ്മുടെ ചങ്കൂറ്റത്തേക്കുറിച്ച് മദനി സഖാവ് നീണ്ടൊരു പ്രസംഗം പോലും നടത്തി. ആകാശമിടിഞ്ഞു വീണാലും തലപൊക്കിപ്പിടിച്ച് നടക്കുമത്രേ! പുകഴ്ത്തല്‍ കേള്‍ക്കാന്‍ സുഖമൊക്കെയാ. അല്ലെങ്കില്‍ അതൊക്കെ ഒരു പുകഴ്ത്തലാണോ? ഒള്ള കാര്യമല്ലേ. പിണറായിപ്പാറയിലാ കമ്യൂണിസ്റ്റുകാര്‍ പിച്ചവച്ചു നടന്നതുപോലും.

മുഖ്യമന്ത്രിക്കസേരയേക്കാള്‍ ഒറപ്പാ സെക്രട്ടറിക്കസേരയ്ക്ക്. കൊടുങ്കാറ്റടിച്ചാലും ഇളകുകേല. ലാവ്‌ലിന്‍ ഭൂതം ചാടി വന്നപ്പോള്‍ ഓം ഹ്രീം പറഞ്ഞ് കുടത്തിലടച്ചത് ഈ കസേരയുടെ ബലത്തിലാ. കോണ്‍ഗ്രസിനോ ബി ജെ പിക്കോ ഇതുപോലൊരു ഉറച്ച കസേര സ്വപ്നം കാണാന്‍ പറ്റുമോ. ഇത്രയും പവര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ചെന്നിത്തല സാറൊക്കെ ആഗ്രഹിച്ച് വെള്ളമിറക്കാമെന്നല്ലാതെ.

അങ്ങനെ ലേശം അഹങ്കാരത്തിലൊക്കെ വാണരുളുമ്പോഴാണ് ഇടിത്തീ പോലെ തെറ്റുതിരുത്തല്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ കസേര വിട്ട് മാറിക്കൊടുക്കണം. ഈ കസേര വിട്ടുകൊടുത്താല്‍ പകരം മുഖ്യമന്ത്രിക്കസേര കിട്ടിയാല്‍ വേണ്ടില്ല. പക്ഷേ സര്‍ക്കാരിന്‍റെ പോക്കു കണ്ടിട്ട് ഈ നൂറ്റാണ്ടില്‍ ഇനി ഭരണം കിട്ടുമെന്ന് തോന്നുന്നില്ല. അധികാരമില്ലാതെ തുടരേണ്ടി വരുന്ന അവസ്ഥ..ഹൊ..ഭീകരം തന്നെ.

മുണ്ടും മടക്കിക്കുത്തി ചീത്തവിളിച്ച് നടന്ന കാലമൊക്കെ കഴിഞ്ഞെന്നു കരുതിയതാ. ഇനിയൊള്ള കാലം മൂക്കിലൊരു കണ്ണടയും ഫിറ്റ് ചെയ്ത് പാര്‍ട്ടിയുടെ ചക്രോം തിരിച്ച് പ്രജാപതിയായി ഇരിക്കാമെന്നു കരുതുമ്പോഴാ ഇതുപോലുള്ള ഓരോ കന്നന്തിരിവുകള്‍. ഇത് അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? അഥവാ, അംഗീകരിച്ചു കൊടുക്കേണ്ടി വരുമോ? അങ്ങനെ വന്നാല്‍...

സഹിക്കാന്‍ വയ്യ... സമ്മതിക്കുകേല. ഒന്നും നടന്നില്ലെങ്കില്‍ ഫാന്‍സ് അസോസിയേഷനെ ഇളക്കിവിടും. നമ്മളില്ലാതെ പാര്‍ട്ടിക്കെന്ത് ആഘോഷം. ഈ അവകാശ സംരക്ഷണത്തിനു വേണ്ടി പഴയതുപോലെ മുണ്ടും മടക്കിക്കുത്തി തെരുവിലിറങ്ങാന്‍ തയ്യാറാ. ഒക്കുമെങ്കില്‍ ഒരു മനുഷ്യച്ചങ്ങലയും പിടിക്കണം. ഇല്ല...ഇല്ല...നടക്കത്തില്ല... ഈ അനീതി നടക്കത്തില്ല... എ സി കാറും പാര്‍ട്ടി ഫ്ലാറ്റും വിട്ടുകൊടുക്കാന്‍ പറ്റില്ല. സോഷ്യലിസം സിന്ദാബാദ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :