ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ച ഇന്ന്

ന്യൂയോര്‍ക്ക്‌| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (15:03 IST)
- പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ന് നടക്കും. പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാര്‍ ബഷീറും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുംബൈ ആക്രമണവും തീവ്രവാദവും മുഖ്യവിഷയമാകുമെന്നാണ് സൂചന.

ഇന്ത്യ - പാക് മന്ത്രിതല ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് സെക്രട്ടറിതല ചര്‍ച്ച നടക്കുന്നത്. മന്ത്രിതല ചര്‍ച്ചയുടെ അജണ്ടയ്ക്ക് അന്തിമ രൂപം നല്‍കുക കൂടിയാണ് ഇന്നത്തെ ചര്‍ച്ചയുടെ ലക്‍ഷ്യം. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഞായറാഴ്ച നടക്കുന്ന മന്ത്രിതല കൂടിക്കാഴ്ചയില്‍ അവലോകനം നടത്തും. യു എന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനിടയില്‍ ആയിരിക്കും ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്.

കശ്മീര്‍ പ്രശ്നവും ഭീകരതയും ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയില്‍ സ്ഥാനം പിടിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയും തമ്മില്‍ ജൂലൈ 16 ന് ഈജിപ്തിലെ ഷരം-എല്‍-ഷേക്കില്‍ വച്ച് നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ന്യൂയോര്‍ക്കിലെ ചര്‍ച്ചകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :