പതിനെട്ടാംപടി- പൂങ്കാവനത്തിലെ പതിനെട്ടു മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടി. ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ സന്നിധാനത്തിലേക്കുള്ള പ്രസിദ്ധമായ പഞ്ചലോഹം പൊതിഞ്ഞ പടികള്‍. പടി കയറുംമുന്പു നാളികേരം ഉടയ്ക്കണം. പടി തൊട്ടുവന്ദിച്ചു ശരണംവിളിയോടെ വേണം പടി കയറാന്‍. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടാന്‍ അനുവദിക്കില്ല.
പന്പാനദി - പ്രസിദ്ധമായ പുണ്യനദി. ശബരിമല ദര്‍ശനത്തിന് മുന്പും പിന്പും ഈ നദിയില്‍ മുങ്ങിക്കുളിക്കുന്നത് മോക്ഷദായകമെന്നു സങ്കല്പം.
പന്പാസദ്യ - മകരസംക്രമത്തിന്‍റെ തലേദിവസത്തെ സദ്യ. സദ്യയ്ക്ക് അയ്യപ്പന്‍റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നു വിശ്വാസം.
പറകൊട്ടിപ്പാട് - ഭക്തരുടെ ശനിദോഷമകറ്റാന്‍ മാളികപ്പുറത്തെ വഴിപാട്. മണിമണ്ഡപത്തിനു മുന്പിലായി പതിനഞ്ചു വേലന്മാരാണ് പറകൊട്ടി പാടുന്നത്. കേശാദിപാദം കഥയാണ് പാടുന്നത്.
പടിപൂജ- മലദേവതകളെ തൃപ്തിപ്പെടുത്തുന്നതിനുള്ള വഴിപാട്. ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാട്. പതിനെട്ടാംപടിയിലെ ഓരോ പടിയിലും പട്ടും പൂമാലയും വച്ചു നെയ്ത്തിരിവിളക്കു കത്തിച്ചാണ് പൂജ.
പന്തളം - അയ്യപ്പന്‍റെ പിതൃസ്ഥാനമുള്ള പന്തളം രാജവംശത്തിന്‍റെ ആസ്ഥാനം. എല്ലാ വര്‍ഷവും ധനു 28-ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് തിരുവാഭാരണഘോഷയാത്രയ്ക്കു തുടക്കം. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാന്‍ അധികാരമുള്ളത് പന്തളം രാജകുടുംബാംഗങ്ങള്‍ക്കു മാത്രമാണ്.
പാണ്ടിത്താവളം - മാളികപ്പുറത്തിന് സമീപം മറുനാട്ടില്‍നിന്നുള്ളവര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സ്ഥലം. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഇവിടെ കൂടുതലും വിശ്രമിക്കുന്നത്.
പുറപ്പെടാശാന്തി - ശബരിമലയിലെ മേല്‍ശാന്തിയുടെ പേര്. നിയമനകാലയളവില്‍ ക്ഷേത്രപരിസരം വിട്ടു പുറത്തു പോകരുതെന്നു നിബന്ധന. ഇത്തവണ മുതല്‍ മാളികപ്പുറം മേല്‍ശാന്തിക്കും ഇതു ബാധകം.