പ്രണയത്തെപ്പറ്റി ചില ചിന്തകള്‍

ജോയ്സ് ജോയി

WEBDUNIA|
PRO
PRO
മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.

പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന്‍ മറ്റൊരുവളുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്‌പരം വേര്‍പെടുന്നതു വരെ സ്‌നേഹത്തിന്‍റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാന്‍ പറഞ്ഞത് വെറുതെയല്ല. തണല്‍ നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്‍ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്‍ അനുഭവിക്കുന്ന ഉഷ്‌ണം! അതിഭീകരമാണത്.

പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്‍. പ്രണയം തുറന്നു പറയാതെ മനസ്സില്‍ കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ നിശബ്‌ദമായി നില്ക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുകയുള്ളൂ. റസ്സല്‍ (ബെര്‍ട്രാന്‍ഡ് റസ്സല്‍) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്‌നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്‍ ജീവിതത്തെ ഭയക്കുമ്പോള്‍ ജീവിതത്തിന്‍റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്‍ തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.

രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്‍റെ പൂര്‍ണതയിലെത്തുന്നു. ജോണ്‍ കീറ്റ്‌സിന്‍റെ എത്ര മനോഹരമായ സങ്കല്പം. തന്‍റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്‌മനിര്‍വൃതി അനിര്‍വചനീയമാണ്.

പക്ഷേ നഷ്‌ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്‍. കാലം നമ്മുടെ ചരിത്രത്തില്‍ ചുവപ്പു മഷി കൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്‌മളമായ സ്‌നേഹത്തിന്‍റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്‍‌പനിക ലോകം അന്നേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :