ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified വെള്ളി, 13 ഫെബ്രുവരി 2009 (17:32 IST)
യുവതീയുവാക്കള്‍ മര്യാദവിടാതെ പെരുമാറിയാല്‍ വാലന്റൈന്‍ ദിനാഘോഷത്തെ എതിര്‍ക്കില്ല എന്ന് ബജ്റംഗ്ദള്‍. രാധയുടെയും കൃഷ്ണന്റെയും അനശ്വര പ്രേമത്തിന്റെ ഉപാസകരാണ് തങ്ങളെന്ന് ബജ്റംഗ് ദള്‍ ദേശീയ കണ്‍വീനര്‍ പ്രകാശ് ശര്‍മ്മ വെള്ളിയാഴ്ച പറഞ്ഞു.
യഥാര്‍ത്ഥ സ്നേഹത്തെ ആരാധിക്കുന്നവരാണ് ഞങ്ങള്‍. അതിനാല്‍ രാജ്യത്തെ യുവതിയുവാക്കള്‍ ഒരു ദിവസം മാത്രമല്ല 365 ദിവസവും പ്രണയ ദിനമായി ആഘോഷിക്കണം എന്ന് ബജ്റംഗ്ദള്‍ നേതാവ് ആവശ്യപ്പെട്ടു.
പ്രണയദിനം ആഘോഷിക്കുന്നതിനുള്ള യുവാക്കളുടെ ആഗ്രഹത്തിന് ബജ്റംഗ് ദള്‍ ഒരിക്കലും എതിരല്ല. എന്നാല്‍, അവര്‍ മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതിനെയാണ് എതിര്‍ക്കുന്നത് എന്നും പ്രകാശ് ശര്‍മ്മ പറഞ്ഞു.
ഡല്‍ഹി പൊലീസിനും പബുകള്‍ക്കും ബാറുകള്‍ക്കും വാലന്റൈന്‍ ദിനത്തില്‍ പരസ്യമായ, അതിര്‍വരമ്പ് ലംഘിക്കുന്ന രീതിയിലുള്ള പ്രണയ പ്രകടനങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന കത്ത് അയച്ചിട്ടുണ്ട്.