കാമുകനെത്തേടി 10,000 മൈല്‍ യാത്ര

WEBDUNIA| Last Modified തിങ്കള്‍, 25 മെയ് 2009 (19:34 IST)
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ പരിചയപ്പെടുക, അയാളുമായി അഗാധമായ പ്രണയത്തിലാവുക, അയാളെ കാണാന്‍ പതിനായിരത്തോളം മൈല്‍ യാത്രചെയ്യുക - അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്, നിക്കി ലോറന്‍സിന്‍റെ കാര്യത്തില്‍.

ഡണ്‍സ്റ്റബിളില്‍ സംഗീത അധ്യാപികയാണ് 31കാരിയായ നിക്കി. ഓണ്‍ലൈനിലൂടെയാണ് അവള്‍ തന്‍റെ ബോയ്ഫ്രണ്ടിനെ കണ്ടെത്തിയത്. 2007 ഫെബ്രുവരിയിലായിരുന്നു അത്. മൈസ്പേസില്‍ നിക്കിയിടെ ഫോട്ടോ കണ്ട് ആകൃഷ്ടനായ മാര്‍ക്ക് പെറ്റിറ്റ് ഉടന്‍ തന്നെ അവളെ സുഹൃത്താകാന്‍ ക്ഷണിക്കുകയായിരുന്നു. ഫാക് ലന്‍ഡ് ദ്വീപില്‍ ഒരു കപ്പല്‍ ജീവനക്കാരനാണ് മാര്‍ക്ക്.

കേവലം സൌഹൃദത്തില്‍ തുടങ്ങിയ ആ ബന്ധത്തിന് പിന്നീടെപ്പോഴോ പ്രണയത്തിന്‍റെ സുഗന്ധവും സൌന്ദര്യവും രുചിയും വന്ന് ചേരുകയായിരുന്നു. ക്രിസ്തുമസിന് തൊട്ടുമുമ്പാണ് മാര്‍ക്ക് അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. ഇതിനകം തന്നെ ഇരുവരും പരസ്പരമുള്ള കുശലാന്വേഷണങ്ങള്‍ ദിനംപ്രതിയെന്നോണമാക്കിയിരുന്നു.

മൈസ്പേസിലൂടെ ഉണ്ടായ ഒരു പ്രണയത്തിന്‍റെ പിറകെ നടന്ന് സമയം ചെലവഴിക്കുന്നതിനെതിരെ നിക്കിയുടെ കൂട്ടുകാര്‍ അവളെ പലവുരു ഉപദേശിച്ചു. പക്ഷെ ഫലമുണ്ടായില്ല. ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അയാള്‍ തന്‍റെ എല്ലാമെല്ലാമാണെന്ന് അവള്‍ വിശ്വസിച്ചു. ജനുവരിയില്‍ അമ്മയുടെ വിയോഗം നിക്കിയെ വല്ലാതെ തളര്‍ത്തി. എങ്കിലും വീണ്ടും തളിരിട്ട പ്രണയം മുമ്പത്തേക്കാള്‍ കൂടുതല്‍ ദൃഢമാകുകയിരുന്നു.

ഒടുവില്‍ മാര്‍ക്കിനെ കാണാന്‍ പോകാന്‍ തന്നെ നിക്കി തീരുമാനിച്ചു. 30 മണിക്കൂര്‍ വേണ്ടിയിരുന്നു യാത്രയ്ക്ക്. ഫെബ്രുവരി 15ന് മാര്‍ക്കിന്‍റെ കപ്പല്‍ ഫാക് ലാന്‍ഡില്‍ തിരിച്ചെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവള്‍ യാത്രതിരിച്ചു. ഫാക് ലാന്‍ഡ് സര്‍ക്കാരിന്‍റെ അനുമതിയോടെ പ്രത്യേക ആര്‍എഎഫ് വിമാനത്തിലായിരുന്നു യാത്ര. പോര്‍ട്ട് സ്റ്റാന്‍ലി വിമനത്താവളത്തിലെത്തിയിട്ടും മാര്‍ക്കിനെ കാത്ത് അവള്‍ക്ക് 24 മണിക്കൂറോളം ഇരിക്കേണ്ടിവന്നു.

അങ്ങനെ ഒരു വര്‍ഷം നീണ്ട പ്രണയജീവിതത്തിന് ശേഷം ആ കമിതാക്കള്‍ പരസ്പരം കണ്ടുമുട്ടി. 2008 ഫെബ്രുവരിയിലായിരുന്നു ഇത്. മേയില്‍ മാര്‍ക്കിന് മറ്റൊരു കപ്പലില്‍ യാത്രയുണ്ടായിരുന്നു. എങ്കിലും പിന്നീടവര്‍ വേര്‍പിരിഞ്ഞില്ല. 2010 ജൂലൈയില്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :