aparna shaji|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (15:28 IST)
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന് പേരുകേട്ടിരുന്ന സ്ഥലമായിരുന്നു ചെന്നൈ. എന്നാല്‍ ഇപ്പോള്‍ ദിനംപ്രതി ചെന്നൈയില്‍ നിന്നുവരുന്ന അക്രമസംഭവങ്ങളുടെ വാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. അതിൽ ജനങ്ങളെ പരിഭാന്തരാക്കിയ ഏറ്റവും ഒടുവിൽ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു സ്വാതി കൊലക്കേസ്. ജൂൺ 24നായിരുന്നു ചെന്നൈ നുങ്കമ്പാക്കം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന സ്വാതിയെ
രാം കുമാർ കൊലപ്പെടുത്തിയത്.
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ ജോലി ചെയ്യുകയായിരുന്ന സ്വാതി ചൂളമേട് സ്വദേശിനിയാണ്.
പിതാവ് ഗോപാലകൃഷ്ണൻ സ്വാതിയെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തിരികെ പോയതിന് മിനിട്ടുകൾക്കുള്ളിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
പ്രണയം നിരസിച്ചതിനാലാണ് രാം കുമാർ കൊലപാതകം നടത്തിയതെന്ന് പൊലീസ് പിടിച്ചപ്പോൾ പറഞ്ഞിരുന്നു. പേടിച്ചിട്ട് ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സെപ്തംബർ 18ന് സ്വാതി കൊലക്കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പി വായില്‍ വെച്ച് ഷോക്കടിപ്പിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
ജൂൺ, ജൂലായ് മാസത്തിനിടയില്‍ അഞ്ചോളം കൊലപാതകങ്ങള്‍ക്കാണ് ചെന്നൈ നഗരം സാക്ഷ്യം വഹിച്ചത്. അതില്‍ മൂന്നെണ്ണം പൊതുജനങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു എന്നതാണ് ഞെട്ടിക്കുന്നത്. ഏറ്റവും ആശങ്കപ്പെടുന്നത്, ജനങ്ങളുടെ പ്രതികരണശേഷിയെക്കുറിച്ചാണ്. നുങ്കംപാക്കം റയില്‍വേ സ്റ്റേഷനില്‍ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരെത്തുന്നതാണ്. അതിരാവിലെ തന്നെ സ്റ്റേഷന്‍ യാത്രക്കാരാല്‍ നിറയും. അവര്‍ക്കിടയിലൂടെയാണ് സ്വാതിയെ വെട്ടിവീഴ്ത്തിയ ശേഷം കൊലക്കത്തിയുമായി രാം കുമാർ നടന്നുപോയത്!
ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും എന്തിന് നമ്മുടെ കേരളത്തില്‍ നിന്നുപോലും അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകള്‍ വരുമ്പോള്‍ ചെന്നൈ എങ്കിലും സുരക്ഷിതമാണല്ലോ എന്ന് ആശ്വസിച്ചിരുന്നു. ആ വിശ്വാസത്തിന് മേലാണ് നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ വച്ച് ജൂൺ മാസത്തിൽ കൊലക്കത്തി ഉയര്‍ന്നുതാഴ്ന്നത്.