താരമെന്ന ഇമേജ് വളമാക്കി ധന്യമേരി വർഗീസ്, കോടികളുടെ ചതിയ്ക്ക് കൂട്ടുനിന്നത് സിനിമാ താരങ്ങൾ; അണിയറയിലെ സംഭവവികാസങ്ങൾ ചുരുളഴിയുമ്പോൾ...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; ധന്യമേരി വർഗീസ് അറസ്റ്റിലായപ്പോൾ...

aparna shaji| Last Updated: തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (16:38 IST)
ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ ചലച്ചിത്ര നടി ധന്യ മേരി വർഗീസും ഭര്‍ത്താവ് ജേക്കബും ചേര്‍ന്ന് ഇതുവരെ നടത്തിയത് 300 ഓളം തട്ടിപ്പ് കേസുകള്‍. ഇവരുടെ ഇടപാടിൽ മറ്റുപല സിനിമാ താരങ്ങൾക്കും പങ്കുണ്ടെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. സാംസണ്‍സ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്. ജോൺ ജേക്കബിന്റെ സഹോദരന്‍ സാമുവൽ ജേക്കബും തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ്. മൂവരും കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

മൂവർ സംഘത്തിൽ പലരും ഇരകളായിട്ടുണ്ടെങ്കിലും ചലച്ചിത്ര മേഖലയിൽ നിന്നും ആരുമില്ല എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിൻകര താലൂക്കു മുതൽ തിരുവനന്തപുരം ജില്ലയുടെ തന്നെ മിക്ക പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മൂവര്‍ സംഘം തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്ന മലയാളികൾ പൊലീസുമായി ബന്ധപ്പെട്ട് പരാതി നൽകി വരികയാണ്.

രണ്ടു മുതൽ അഞ്ച് വരെ ഫ്ളാറ്റുകൾ ഒരേസമയം നിർമിക്കാനുള്ള ശേഷിയെ സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് ആന്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരേസമയം 14 സൈറ്റിൽ വരെയാണ് പണി നടന്നുവന്നിരുന്നത്. ഇതോടെ കോടിക്കണക്കിന് രൂപ ഇവരുടെ കൈകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തുടക്കത്തിൽ ആളുകളുടെ വിശ്വാസ്യത നേടിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. നിക്ഷേപകരെ ചതിക്കുക എന്ന പൂർണ്ണമായ ലക്ഷ്യം ഇവർക്ക് ഉണ്ടായിരുന്നില്ല എന്നാണ് അറസ്റ്റിലായവർ പറയുന്നത്.

2011 ലാണ് മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്നായി 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ അഡ്വാന്‍സ് വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ല്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പണം നല്‍കിയവര്‍ പോലീസില്‍ പരാതി നല്‍കിയത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :