മാധ്യമങ്ങള്‍ വളര്‍ന്നു, ഇന്ത്യയും

WEBDUNIA|
ലോക ചരിത്രത്തില്‍ വിപ്ലവകരമായ സ്വാധീനം മാധ്യമങ്ങള്‍ക്കുണ്ട്. ബ്രിട്ടീഷ് ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഇന്ത്യന്‍ മാധ്യമ ചരിത്രം സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയ്‌ക്ക് ഓജസ്സും തേജസ്സും നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കാളികളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതാനും നിര്‍ണ്ണായക ഘടങ്ങളില്‍ ഒരുപക്ഷേ ബ്രിട്ടീഷുകാര്‍ അവതരിപ്പിക്കുകയും അവര്‍ക്ക് ഇരുതലവാളായി മാറുകയും ചെയ്ത ഏക കാര്യം മാധ്യമങ്ങളാകാം.

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച 1950 ജനുവരി 26 ന് ശേഷം ഇന്ത്യന്‍ മാധ്യമരംഗം അഭൂത പൂര്‍വ്വമായ വളര്‍ച്ച നേടുന്ന കാഴചയാണ് കണ്ടത്. ബ്രിട്ടീഷ് ചരിത്രത്തില്‍ പത്ര രൂപത്തില്‍ തുടങ്ങിയ വാര്‍ത്താ വിപണി ഇന്ന് ഓണ്‍ലൈന്‍ വാര്‍ത്തകളിലും ഓണ്‍സ്പോട്ട് വാര്‍ത്തകളിലും ബ്ലോഗിലും എത്തി നില്‍ക്കുന്നു.

ജനസംഖ്യ പെരുകി പെരുകി വരുന്നതിനനുസരിച്ച് ഇന്ത്യയില്‍ മാധ്യമങ്ങളുടെ റീച്ചും വളരുകയാണ്. മാധ്യമവുമായി ബന്ധപ്പെട്ട എല്ലാത്തരം ആധുനികതയും ഇന്ത്യ സ്വീകരിക്കുന്നു എന്നത് ഈ വിപണി തളിര്‍ക്കാന്‍ ഇടയാക്കുന്നു. വാര്‍ത്തയ്‌ക്കായി നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍‍.

പ്രിന്‍റ്, റേഡിയോ, ചാനലുകള്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍, ബ്ലോഗ് വാര്‍ത്തയുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരീക്ഷിക്കുന്ന ഇന്ത്യയുടെ വാര്‍ത്താ സമൂഹം മറ്റു രാജ്യങ്ങളിലെ മാധ്യമ രംഗവുമായി തട്ടിച്ചു നോക്കുമ്പോള്‍ തകര്‍ക്കാന്‍ പറ്റാത്ത നിലയിലേക്കാണ് വളര്‍ന്നിരിക്കുന്നത്. ആഗോളവല്‍ക്കരണം തുടങ്ങിയവയുടെ ഇന്ത്യയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദേശങ്ങളിലെ മാധ്യമങ്ങളാണ് സാങ്കേതിക വിദ്യയുടെ ആധുനികതയില്‍ മത്സരിക്കുന്നത്.

സാങ്കേതിക വിദ്യ എത്രയൊക്കെ വളര്‍ന്നിട്ടും ചായക്കൊപ്പം തലേദിവസത്തെ വിവരങ്ങള്‍ മൊത്തിക്കുടിക്കാന്‍ ഇന്ത്യാക്കാരനു ദിനപ്പത്രം തന്നെ വേണമെന്ന സ്ഥിതിയാണ്. 2001 വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 45, 974 പത്രങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ 5364 ദിനപ്പത്രങ്ങള്‍ ഉണ്ട്. 20, 589 പത്രങ്ങള്‍ നിലവിലുള്ള ഹിന്ദിയാണ് ഇക്കാര്യത്തില്‍ മുമ്പന്‍, ഇംഗ്ലീഷ് രണ്ടാം സ്ഥാനത്ത് 7.596, മറാത്തി 2.943, ഉറുദു 2,906 ബംഗാളി 2741, ഗുജറാത്തി 2,215, തമിഴില്‍ 2,119, കന്നഡയില്‍ 1,816 മലയാളത്തില്‍ 1505, തെലുങ്കില്‍ 1,289 പത്രങ്ങളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :