കൊച്ചി|
JOYS JOY|
Last Updated:
ബുധന്‍, 23 മാര്‍ച്ച് 2016 (16:43 IST)
ക്രൈസ്തവര്‍ വിശുദ്ധവാരത്തിന്റെ ധന്യതയിലൂടെ കടന്നു പോകുകയാണ്.
പെസഹ ആചരണത്തിനായി കേരളത്തിലെ ക്രൈസ്തവരും ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, പെസഹ ദിനത്തിലെ പ്രധാന ശുശ്രൂഷകളിലൊന്നായ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ ഇത്തവണ കേരളത്തില്‍ മാര്‍പാപ്പയുടെ ആഗ്രഹം നടപ്പിലാക്കില്ല.
പെസഹദിനത്തിലെ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന് ആയിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം. എന്നാല്‍, ഭാരതസഭയില്‍ സീറോ മലബാര്‍, മലങ്കര സഭകള്‍ ഇത് തിടുക്കത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
സ്ത്രീകളുടെ കാല്‍ കഴുകല്‍ പൌരസ്ത്യസഭകളില്‍ നിര്‍ബന്ധമല്ലെന്ന് വത്തിക്കാന്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം തേടുന്നത്. ലത്തീന്‍ സഭയില്‍ ഇത് അതത് രൂപതകള്‍ക്ക് തീരുമാനിക്കാം എന്നായിരുന്നു ആഗോളസഭാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
സ്ത്രീകളുടെ കാല്‍ കഴുകാനുള്ള മാര്‍പാപ്പയുടെ നിര്‍ദ്ദേശം വേണ്ട ഒരുക്കത്തോടെ അടുത്തവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വരാപ്പുഴ ലത്തീന്‍ അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരിയില്‍ ആയിരുന്നു കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചത്. തീരുമാനം വിപ്ലവകരമായിരുന്നെന്ന് ആയിരുന്നു ലോകമാകെയുള്ള വിലയിരുത്തല്‍.
മാര്‍പാപ്പയായതിനു ശേഷം നടത്തിയ കാല്‍ കഴുകല്‍ ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പ സ്ത്രീകളും കുറ്റവാളികളും മാറാരോഗികളുമടക്കമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു.