കലിയുഗ ദുരിതം മാറ്റാന്‍ ജപം

WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (10:26 IST)
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :