വരുണ്‍ കുറ്റക്കാരനെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 23 മാര്‍ച്ച് 2009 (10:41 IST)
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി കുറ്റക്കാരനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ച വരുണിനെതിരെ ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സിഡിയിലുള്ള പ്രസംഗത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ട് എന്ന വരുണിന്‍റെ വിശദീകരണം കമ്മീഷന്‍ തള്ളി.

വിവാദ പ്രസംഗം നടത്തിയതിനു വരുണിനെതിരെ മൂന്നു കേസുകളാണ് കമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തിരുന്നത്. വിവാദ പ്രസംഗം നടത്തിയതിന് വരുണ്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് യു പി സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട് എന്നതിനാല്‍ കേസിലുള്ള തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ കേസില്‍ വരുണിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റു രണ്ടു കേസുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

പിലിബിത്തില്‍ മാര്‍ച്ച്‌ നാലിന്‌ ചേര്‍ന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിലാണ്‌ വരുണ്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്‌. ഹിന്ദുവിനെതിരെ ആരെങ്കിലും വിരലുയര്‍ത്തിയാള്‍, ആ കൈ ഞാന്‍ വെട്ടുമെന്ന്‌ ഗീതയുടെ പേരില്‍ പ്രതിജ്ഞയെടുക്കുന്നു എന്നും ഹിന്ദുവിനെ അംഗീകരിയ്ക്കാത്തവര്‍ പാക്കിസ്ഥാനിലേയ്ക്ക്‌ പോവുക എന്നും വരുണ്‍ പറഞ്ഞതാണ് വിവാദമായത്.

വിവാദത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസ്‌ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്‌ടായി. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ 153 എ, 188, 125 വകുപ്പുകളാണ് വരുണിന് മേല്‍ ചുമത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :