ഉണ്ണിക്കണ്ണന്റെ കാലടി പതിഞ്ഞ കുറൂരമ്മ ക്ഷേത്രം

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

Kurooramma Temple
WD
WD
എന്താണ് വരമായി വേണ്ടതെന്ന് ചോദിച്ചതിന് ‘എനിക്കാരുമില്ലല്ലോ കൃഷ്ണാ നീയല്ലാതെ. നീ എന്നോടൊപ്പം എപ്പോഴും ഉണ്ടാവണം. എന്നാല്‍, യശോദയെ ഇട്ടെറിഞ്ഞ് പോയതുപോലെ എന്നെ നീ ഉപേക്ഷിക്കയുമരുത്’ എന്നാണ് മറുപടി പറഞ്ഞത്. ഭക്തയായ കുറൂരമ്മയുടെ ആവശ്യം സാധിച്ചുകൊടുക്കാന്‍ ഭഗവാന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് കുറൂര്‍ മനയില്‍ കൃഷ്ണന്‍ താമസിച്ചത്. കളിച്ചും ചിരിച്ചും കുറൂരമ്മയുടെ വാത്സല്യം നുകര്‍ന്നും ഇടക്കൊക്കെ കുസൃതിത്തരങ്ങള്‍ക്ക് കുറൂരമ്മയില്‍ നിന്ന് അടിവാങ്ങിയും ഭക്തവത്സലനായ ഭഗവാന്‍ കുറൂരമ്മയുടെ അന്ത്യം വരെ കുറൂര്‍ മനയില്‍ താമസിച്ചു എന്നാണ് ഐതിഹ്യം.

കൃഷ്ണഭക്തനായ വില്വമംഗലത്ത് സ്വാമിയാരുടെ സമകാലികയായിരുന്നു കുറൂരമ്മയെന്ന് ചില ഐതിഹ്യങ്ങളില്‍ കാണുന്നു. ഇരുവരും കഥാപാത്രങ്ങളായി വരുന്ന ഐതിഹ്യകഥകളുമുണ്ട്.

ഒരുനാള്‍ പൂജയ്ക്കായി കുറൂരമ്മ കഷ്ടപ്പെട്ട് കുത്തിവച്ച അവിലില്‍ ഉണ്ണിക്കണ്ണന്‍ ഉമി കലര്‍ത്തിവച്ചുവെത്രെ. അരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന കണ്ണനെ അരി വറക്കാന്‍ ഉപയോഗിക്കുന്ന ഒരു കലത്തിലിട്ട് മൂടിവച്ചെത്രെ കുറൂരമ്മ. അവസാനം പാവം തോന്നി കലം തുറന്നപ്പോള്‍ വീണ്ടും അവിലില്‍ ഉമിയിട്ട് ഒറ്റ ഓട്ടം വച്ചുകൊടുത്തെത്രെ കണ്ണന്‍. ഈ സമയത്ത് വില്വമംഗലം സ്വാമിയാര്‍ പൂജയിലായിരുന്നു. പൂജാ സമയത്ത് കൃഷ്ണന്‍ പ്രത്യക്ഷപ്പെടേണ്ടതാണ്. എന്നാല്‍ ഭഗവാനെ കാണാനുമില്ല. ഇതെന്ത് അതിശയം എന്ന് ചിന്തിച്ചുകൊണ്ടിരിക്കേ, അതാ വരുന്നു കൃഷ്ണന്‍, ദേഹമാകെ കരിയില്‍ മുങ്ങിക്കൊണ്ട്.

ഭഗവാനോട് ദേഹത്തെ കരിയുടെ വിവരം തിരക്കിയ വില്വമംഗലത്തിനോട് ഉണ്ടായ കഥയൊക്കെ ഭഗവാന്‍ പറഞ്ഞു. ജീവിതം മുഴുവന്‍ തപസ് ചെയ്യുന്ന സന്ന്യാസികള്‍ക്ക് ഭഗവാന്റെ ദര്‍ശനം കിട്ടിയാലായി. എന്നാല്‍ കുറൂരമ്മയാകട്ടെ, ഭഗവാനെ അരിക്കലത്തില്‍ അടച്ചിടാന്‍ മാത്രം പുണ്യം നേടിയിരിക്കുന്നു. ഭഗവാന്റെ കരിക്കഥ കേട്ട വില്വമംഗലം മനസ് തുറന്ന് കുറൂരമ്മയെ വാഴ്ത്തി എന്നാണ് ഐതിഹ്യം.

നാട്ടുകാര്‍ക്ക് ഏറെ സഹായങ്ങള്‍ ചെയ്തിരുന്ന കുറൂരമ്മ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുകയായിരുന്നു. ശരീരം പോലും ഭൂമിയില്‍ അവശേഷിപ്പിക്കാതെ കുറൂരമ്മ പോയത് സ്വര്‍ഗത്തിലേക്കായിരുന്നുവെന്ന് വിശ്വാസങ്ങള്‍ പറയുന്നു. കുറൂരമ്മ അപ്രത്യക്ഷമായ കഥ നാട്ടുകാരില്‍ അത്ഭുതം ജനിപ്പിച്ചു. കാലക്രമത്തില്‍ കുറൂര്‍ മന പഴക്കം ചെന്ന് ഇടിഞ്ഞുപൊളിഞ്ഞ് നശിച്ചെങ്കിലും വെങ്ങിലശേരിക്കാര്‍ ഈ മനപ്പറമ്പിനെ എന്നും ഉണ്ണിക്കണ്ണന്റെ ഭൂമിയായിത്തന്നെ കണ്ടു.

വെങ്ങിലശേരിയില്‍ നിന്ന് അടാട്ടേക്ക് മാറിയ കുറൂര്‍ മനക്കാര്‍ വിദേശത്തും സ്വദേശത്തുമൊക്കെയായി ചിന്നിച്ചിതറി. സ്വാതന്ത്ര്യ സമരസേനാനി കൊറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ജനിച്ചത് ഈ മനയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പ് അടാട്ടുള്ള കുറൂര്‍ മന പൊളിച്ചു. കുറൂര്‍മനയിലെ ഇപ്പോഴത്തെ കാരണവര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ്. ഇദ്ദേഹവും ഭാര്യ കമലവും മക്കളുമാണു മനയിരുന്ന സ്ഥലത്തു വച്ച പുതിയ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. മന പൊളിച്ചു പോയെങ്കിലും ചുറ്റുമതിലും സര്‍പ്പക്കാവും കുളവും ഇപ്പോഴും അവിടെയുണ്ട്.

WEBDUNIA|
വെങ്ങിലശേരിയിലെ കുറൂരമ്മ ക്ഷേത്രം പതുക്കെപ്പതുക്കെ വലിയൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാനടി ചിപ്പിയടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ ഇവിടെ വരികയും ഭക്തിയില്‍ സ്വയം മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമാണ് തീര്‍ത്തിരിക്കുന്നതെങ്കിലും വരും നാളുകളില്‍ പൌരാണിക മാതൃകയില്‍ ഒരു വന്‍ ക്ഷേത്രം കുറൂരമ്മയുടെ സ്മരണയ്ക്കായി പണിയും എന്ന് ശപഥമെടുത്തിരിക്കുകയാണ് വെങ്ങിലശേരി ഗ്രാമക്കാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :