WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (18:22 IST)
IFM
മലയാളത്തിലെ ഹിറ്റ് ചിത്രം ഹരികൃഷ്ണന്‍സിന് ബോളിവുഡില്‍ ഒരു പിന്‍ഗാമി ഉണ്ടായിരിക്കുന്നു. ഹരികൃഷ്ണന്‍സിന്‍റെ റീമേക്കാണെന്നൊന്നും കരുതിക്കളയരുതേ. ഇത് സംഗതി വേറെയാണ്. ക്ലൈമാക്സിന്‍റെ കാര്യത്തിലാണ് ഈ ചിത്രത്തിന് ഹരികൃഷ്ണന്‍സിനോട് സാമ്യം. ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്സ് ആയിരുന്നെങ്കില്‍ ബോളിവുഡ് ചിത്രത്തിന് ക്ലൈമാക്സ് നാലാണ്!
രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ‘അഗ്യാത്’ എന്ന ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി, ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തുകയും ചെയ്യും. ട്രെയിലറുകളും സ്റ്റില്‍ ഫോട്ടോകളും പോസ്റ്ററുകളുമെല്ലാം ഇറങ്ങിക്കഴിഞ്ഞു. ഗാനരംഗങ്ങളും ചാനലുകള്‍ കാണിച്ചു തുടങ്ങി. പക്ഷേ രാം ഗോപാല്‍ വര്‍മയ്ക്കും സിനിമയുടെ എഡിറ്റര്‍ നിപുണ്‍ ഗുപ്തയ്ക്കുമല്ലാതെ അഗ്യാതിന്‍റെ ക്ലൈമാക്സ് എന്തെന്ന് ആര്‍ക്കുമറിയില്ല.
ചിത്രീകരണ സമയത്ത് നാലു ക്ലൈമാക്സാണ് ഷൂട്ടു ചെയ്തതത്രേ. അതെന്തിനാണ് അങ്ങനെയൊരു സാഹസമെന്നു ചോദിച്ചാല്‍ രാമുവിന് കൃത്യമായ മറുപടിയുണ്ട്. സിനിമ ഇറങ്ങുന്നതു വരെ എന്താണ് ക്ലൈമാക്സ് എന്ന് ഒരു കുഞ്ഞു പോലും അറിയരുതത്രേ. അഭിനയിച്ച നടീ നടന്‍മാര്‍ക്കോ ക്യാമറാമാനോ ഒന്നും ക്ലൈമാക്സിനെപ്പറ്റി എബിസിഡി അറിയില്ല. നാലു ക്ലൈമാക്സുകളില്‍ ഏതാണ് തിയേറ്ററുകളില്‍ എത്തുകയെന്ന് തീരുമാനിക്കുന്നത് രാമുവാണ്. അവിടെ ചോദ്യവും പറച്ചിലും ഒന്നുമില്ല!
അഗ്യാത് ഒരു ഹൊറര്‍ ത്രില്ലറാണ്. അപ്പോള്‍ ആരെയും ഞെട്ടിക്കുന്ന ക്ലൈമാക്സാണ് രാം ഗോപാല്‍ വര്‍മ ഒരുക്കിയിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം. നിതിന്‍ കുമാര്‍ റെഡ്ഡി, രവി കാലെ, ഗൌതം റോഡ്, പ്രിയങ്ക കോത്താരി തുടങ്ങിയവരാണ് താരങ്ങള്‍. യു ടി വി മോഷന്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ഏഴു ഗാനങ്ങളാണുള്ളത്.