Vishnu|
Last Modified വെള്ളി, 2 മെയ് 2014 (11:11 IST)
അക്ഷയ തൃതീയ വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ. ഇത് ഭാരതീയ വിശ്വാസപ്രകാരം യുഗങ്ങളുടെ തുടക്കമായ കൃതയുഗത്തിലെ അഥവാ സത്യയുഗത്തിലെ ആദ്യ ദിവസമാണെന്ന് പറയപ്പെടുന്നു. സത്യയുഗത്തില്‍
ചതുര്‍വിധ പുരുഷാര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം.
അതിനാല്‍ തന്നെ അന്ന് ധര്‍മ്മം അതിന്റെ എല്ലാ പ്രഭാവത്തൊടും കൂടി ജ്വലിച്ചു നിന്നിരുന്നതായി പറയപ്പെടുന്നു. ഈ യുഗത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അക്ഷയ തൃതീയ. കൂടാതെ ശ്രീകൃഷ്ണ സഹോദരനായ ബലഭദ്രന്റെ ജന്മദിനം കൂടിയാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്‌ഥാനത്താണ് ഈ ദിവസം നില്‍ക്കുന്നത്.
അതിനാല്‍ തന്നെ ഉത്തമമായ ഈ ദിനം ചെയ്യുന്ന ദാന കര്‍മ്മങ്ങളുടെ ഫലം ദിനത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ അനന്തവുമായിരിക്കും. പുനര്‍ജന്മങ്ങളിലും മരണാനന്തര ജീവിതത്തിലും ഭാരതീയര്‍ക്ക് വിശേഷ പരമായ വീക്ഷണം പണ്ടുമുതല്‍ തന്നെയുണ്ട്. അതനുസരിച്ച് ചെയ്യുന്ന പുണ്യ പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകു.
അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന ഏത് പുണ്യകര്‍മ്മങ്ങളുടെയും ഫലം അനന്തമാണെന്ന് വിശ്വാസികള്‍ പറയുന്നു. ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന് വേറെതന്നെ എന്ന് വിശ്വസിക്കുന്നവര്‍ ധാരാളമാണിപ്പോള്‍. അന്ന് എന്തു വാങ്ങിയാലും അത് ഇരട്ടിക്കുമെന്ന വിശ്വാസവും പ്രബലപ്പെട്ടു വരികയാണ്.
എന്നാല്‍ ഇതിനെ പറ്റി ശരിയായ ധാരണ ആര്‍ക്കും ഇല്ലാത്തത് അക്ഷയ തൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസമാക്കി മാറ്റാന്‍ ജ്വല്ലറിക്കാര്‍ക്ക് വഴിയൊരുക്കി എന്നതാണ് സത്യം.