ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തുമ്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.