സജിത്ത്|
Last Modified ശനി, 22 ജൂലൈ 2017 (12:38 IST)
ഏതൊരാളുടേയും ആകെ ഉറക്കത്തിന്റെ 20 ശതമാനം വരുന്ന സ്വപ്നനിദ്രാ ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഉറക്കത്തിനിടയില്‍ എത്ര പ്രാവശ്യം നമ്മള്‍ സ്വപ്നനിദ്രാ ഘട്ടത്തിലൂടെ കടന്നു പോകുന്നുവോ അപ്പോഴെല്ലാം സ്വപ്നങ്ങള്‍ കാണാറുമുണ്ട്.
മനസ്സിനുള്ളില്‍ അമര്‍ത്തിവച്ച വികാരങ്ങളുടെ വിസ്ഫോടനങ്ങളാണ് സ്വപ്നങ്ങളെന്നാണ് മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് വിശ്വസിച്ചിരുന്നത്. മന:ശാസ്ത്ര ചികിത്സയില്‍ സ്വപ്നങ്ങള്‍ക്ക് ഇന്നും സ്ഥാനമുണ്ട്. ഒരാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ അയാളുടെ സ്വപ്നങ്ങളെ പഠിക്കുക എന്ന രീതി തന്നെ മന:ശാസ്ത്ര ചികിത്സയിലുണ്ട്.
മന:ശാസ്ത്രം സ്വപ്ന വ്യാഖ്യാനങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും സ്വപ്നങ്ങളെ കൃത്യമായി പിന്‍തുടരുന്ന മറ്റൊരു ശാഖയുണ്ട്. അതാണ് പാരാസൈക്കോളജി. ബോധാവസ്ഥകള്‍ തന്നെ പലതരമുണ്ടെന്നും അതില്‍പെട്ട ഒന്നാണ് സ്വപ്നാവസ്ഥയെന്നുമാണ് പാരാസൈക്കോളജിയില്‍ പറയുന്നത്.
ഉറങ്ങിക്കിടക്കുന്ന ആളിനരികെ ഇരിക്കുന്ന മറ്റൊരാള്‍ കാണുന്ന ഒരു ചിത്രം ഉറങ്ങിക്കിടക്കുന്ന ആളിന്റെ സ്വപ്നത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയും എന്ന് പറയപ്പെടുന്നു. ഒരാള്‍ സ്വപ്നം കാണുകയാണെന്ന് സ്വയം അറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നങ്ങളെ അയാളുടെ ഇഷ്ടപ്രകാരം മാറ്റാന്‍ കഴിയുമെന്നും പാരാ സൈക്കോളജി പറയുന്നു. നമുക്ക് ചുറ്റും മായികവലയം തീര്‍ക്കുകയാണ് സ്വപ്നങ്ങള്‍.