'ഇയാള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ വേണേല്‍ അവിടെ വന്ന് നില്‍ക്കാം'; അംപയര്‍ നിതിന്‍ മേനോനെതിരെ വിരാട് കോലി, വീഡിയോ പുറത്ത്

രേണുക വേണു| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (08:47 IST)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് ദിവസം കൂടി ശേഷിക്കെ 400 റണ്‍സ് എടുത്താലേ ന്യൂസിലന്‍ഡിന് ജയിക്കാന്‍ സാധിക്കൂ. ശേഷിക്കുന്നത് അഞ്ച് വിക്കറ്റുകള്‍ കൂടി. 540 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 140/5 എന്ന നിലയിലാണ്. ആവേശകരമായ അന്ത്യത്തിലേക്ക് മുംബൈ ടെസ്റ്റ് നീങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ രസകരമായ ചില സംഭവങ്ങള്‍ ഉണ്ടായി. അംപയര്‍ നിതിന്‍ മേനോനെ ട്രോളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞ വാക്കുകള്‍ സ്റ്റംപ്‌സ് മൈക്കില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സിലെ 16-ാം ഓവറിലാണ് സംഭവം. അക്ഷര്‍ പട്ടേല്‍ ആയിരുന്നു ബൗളര്‍. കിവീസിനായി റോസ് ടെയ്‌ലര്‍ ബാറ്റ് ചെയ്യുന്നു. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ പന്ത് കിവീസ് ബാറ്റര്‍ റോസ് ടെയ്‌ലറിന്റേയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടേയും ഇടയിലൂടെ പോയി. ആ പന്ത് ബൗണ്ടറിയായി. ഉടനെ തന്നെ അംപയര്‍ ഫോര്‍ വിളിച്ചു. എന്നാല്‍, അത് ബൈ റണ്‍ ആയിരുന്നു. റോസ് ടെയ്‌ലറിന്റെ ബാറ്റില്‍ പന്ത് കൊണ്ടിട്ടില്ല. അംപയര്‍ നിതിന്‍ മേനോന്‍ കരുതിയത് ടെയ്‌ലറിന്റെ ബാറ്റില്‍ എഡ്ജ് എടുത്താണ് പന്ത് ബൗണ്ടറിയിലേക്ക് പോയതെന്നാണ്. ഇതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ചൊടിപ്പിച്ചത്.

ഉടന്‍ തന്നെ കോലി അംപയര്‍
നിതിന്‍ മേനോനെ പരിഹസിക്കാന്‍ തുടങ്ങി. 'ഇയാള്‍ എന്താണ് കാണിക്കുന്നത്? നിങ്ങള്‍ ഇവിടെ വന്ന് നില്‍ക്കൂ. ഞാന്‍ അവിടെ വന്ന് നില്‍ക്കാം,' കോലി പറഞ്ഞു. ഇതുകേട്ട് സഹതാരങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :