രേണുക വേണു|
Last Modified വെള്ളി, 3 ഡിസംബര്‍ 2021 (15:29 IST)
മുംബൈ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് വിവാദത്തില്‍. നാല് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കോലി പുറത്തായത്. അജാസ് പട്ടേലിന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു കോലി. ഈ വിക്കറ്റുമായി ബന്ധപ്പെട്ട് അംപയറും തേഡ് അംപയറും സ്വീകരിച്ച തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്.
കോലി യഥാര്‍ഥത്തില്‍ പുറത്തായിരുന്നില്ലെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. പന്ത് പാഡില്‍ തട്ടുന്നതിനു മുന്‍പ് ബാറ്റില്‍ തട്ടിയിരുന്നുവെന്നും ഇത് അംപയര്‍ ഗൗനിച്ചില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. അംപയറുടെ തീരുമാനത്തിനെതിരെ കോലിയും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഉടനടി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30-ാം ഓവറിലാണ് സംഭവം. അജാസ് പട്ടേലിന്റെ മൂന്ന് പന്തുകള്‍ കോലി പ്രതിരോധിച്ചു. നാലാം പന്ത് പാഡില്‍ തട്ടിയെന്ന് പറഞ്ഞ് ന്യൂസിലന്‍ഡ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഓണ്‍ഫീല്‍ഡ് അംപയര്‍ അനില്‍ ചൗധരി വിക്കറ്റ് അനുവദിച്ചു. അംപയറുടെ തീരുമാനം കോലി ഉടന്‍ തന്നെ റിവ്യു ചെയ്യുകയായിരുന്നു. റീപ്ലേയില്‍ പന്ത് കോലിയുടെ ബാറ്റില്‍ തട്ടിയെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആദ്യം പാഡിലാണോ ബാറ്റിലാണോ പന്തു തട്ടിയതെന്ന കാര്യത്തില്‍ സംശയമുയര്‍ന്നു. വിശദമായ പരിശോധനയ്‌ക്കൊടുവില്‍ തേഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവച്ചതോടെ കോലിക്ക് മടങ്ങേണ്ടിവന്നു. അംപയറോട് എന്തൊക്കെയോ സംസാരിച്ചാണ് കോലി ഡ്രസിങ് റൂമിലേക്ക് പോയത്. വിക്കറ്റില്‍ കോലി നിരാശനായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കോലിയും ഇതേ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു.