രേണുക വേണു|
Last Modified വെള്ളി, 3 ഡിസംബര്‍ 2021 (14:37 IST)
സ്പിന്‍ ബൗളിങ്ങിന് മുന്നില്‍ വീണ്ടും പിഴച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ റണ്‍സൊന്നും എടുക്കാതെ കോലി പുറത്തായി. നാല് പന്ത് മാത്രമാണ് കോലി നേരിട്ടത്.
അജാസ് പട്ടേലിന്റെ പന്തിലാണ് കോലി പുറത്തായത്. കോലിയുടെ വിക്കറ്റുമായി ബന്ധപ്പെട്ട് അംപയര്‍മാര്‍ കണ്‍ഫ്യൂഷനിലായി. എല്‍ബിഡബ്‌ള്യുവിനായി ന്യൂസിലന്‍ഡ് അപ്പീല്‍ ചെയ്തിരുന്നു. ഓണ്‍ ഫീല്‍ഡ് അംപയര്‍ വിക്കറ്റ് അനുവദിച്ചു. എന്നാല്‍, പന്ത് ആദ്യം ബാറ്റിലാണ് തട്ടിയതെന്നും പിന്നീടാണ് പാഡില്‍ തട്ടിയതെന്നുമാണ് കോലി വാദിച്ചത്. ഡിആര്‍എസ് സംവിധാനത്തിലും കണ്‍ഫ്യൂഷന്‍ നിലനിന്നു. ടിവി അംപയര്‍ ഈ ദൃശ്യങ്ങള്‍ പലതവണ ആവര്‍ത്തിച്ചു കാണിച്ചു. എന്നാല്‍, ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തട്ടിയതെന്ന് വിധിക്കാന്‍ തേര്‍ഡ് അംപയര്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഓണ്‍ ഫീല്‍ഡ് അംപയറുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ തേര്‍ഡ് അംപയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. നിരാശനായാണ് കോലി ഡ്രസിങ് റൂമിലേക്ക് കയറി പോയത്.