ഏകദിന നായകസ്ഥാനവും രോഹിത്തിന് നല്‍കണം; ആവശ്യവുമായി ആരാധകര്‍, രാഹുല്‍ ദ്രാവിഡിന്റെ നിലപാട് നിര്‍ണായകം

രേണുക വേണു| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (10:00 IST)

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ ആധിപത്യം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകന്‍ രോഹിത് ശര്‍മയെ ഏകദിനത്തിലും നായകനാക്കണമെന്ന് ആവശ്യം. ന്യൂസിലന്‍ഡിനെതിരായ പരമ്പര 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ട്വന്റി 20 നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള രോഹിത് ശര്‍മയുടെ ആദ്യ പരമ്പരയാണ് ഇത്.

സഹതാരങ്ങളുടെ കഴിവ് മനസിലാക്കാന്‍ വിരാട് കോലിയേക്കാള്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വാദം. ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മയ്ക്ക് ഇപ്പോള്‍ തന്നെ ക്യാപ്റ്റന്‍സി കൈമാറുകയാണ് വേണ്ടതെന്നും സമയം പാഴാക്കരുതെന്നും നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയം കണ്ടിരുന്നു.

രോഹിത് ശര്‍മയുടെ ടോസ് ഭാഗ്യമാണ് ആരാധകര്‍ അടുത്തതായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി മൂന്ന് കളികളിലും ടോസ് ലഭിച്ചത് രോഹിത്തിനാണ്. വിരാട് കോലി ടോസിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യങ്ങളുടെ നായകന്‍ എന്നാണ് അറിയപ്പെടുന്നത്. ടോസില്‍ കൂടുതല്‍ ഭാഗ്യമുള്ള രോഹിത്തിനെ ഏകദിനത്തിലും നായകനാക്കിയാല്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം, രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവ് ബിസിസിഐയേയും ആശയക്കുഴപ്പത്തിലാക്കുന്നു. കോലിക്ക് പകരം രോഹിത്തിനെ ഏകദിനത്തിലും നായകനാക്കാന്‍ ബിസിസിഐയ്ക്ക് സമ്മര്‍ദമുണ്ട്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :