ശ്രേയസ് അയ്യരുടെ അച്ഛന് ഇനി വാട്‌സ്ആപ്പ് ഡിപി മാറ്റാം; നാല് വര്‍ഷമായി ഡിപി മാറ്റാത്തതിനെ കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസിന്റെ അച്ഛന്‍

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (12:31 IST)

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മകന്‍ ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടിയതിന്റെ സന്തോഷത്തിലാണ് സന്തോഷ് അയ്യര്‍. തന്റെ ഏറെ വര്‍ഷമായുള്ള കാത്തിരിപ്പിനാണ് ശുഭകരമായ പര്യവസാനമുണ്ടായിരിക്കുന്നതെന്ന് സന്തോഷ് അയ്യര്‍ പറയുന്നു. മകന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയെന്നത് സന്തോഷ അയ്യരുടെ വലിയ സ്വപ്‌നമായിരുന്നു.

കാണ്‍പുര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് അയ്യര്‍ കളിക്കാന്‍ ഇറങ്ങി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറെ നേട്ടങ്ങള്‍ കൈവരിച്ച ശ്രേയസ് അയ്യര്‍ക്ക് ഇപ്പോഴാണ് ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചത്. ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറാണ് ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് ക്യാപ്പ് നല്‍കിയത്.

ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ മകന്‍ തിളങ്ങുമ്പോഴും ടെസ്റ്റില്‍ അരങ്ങേറുന്ന നിമിഷത്തിനായാണ് സന്തോഷ് അയ്യര്‍ കാത്തിരിന്നത്. ഒടുവില്‍ അത് സാധ്യമായി. നാല് വര്‍ഷത്തോളമായി സന്തോഷിന്റെ വാട്സ്ആപ്പ് ഡിപി ശ്രേയസ് 2017-ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ് ചിത്രം. അന്ന് ധര്‍മശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ പരിക്കേറ്റ വിരാട് കോലിക്ക് പകരക്കാരനായാണ് ശ്രേയസ് ടീമിലെത്തിയത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ശ്രേയസിന് സ്ഥാനമുണ്ടായിരുന്നില്ല. മകന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ സന്തോഷ് കാത്തിരിക്കുകയായിരുന്നു.

'മകന്‍ ടെസ്റ്റില്‍ കളിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ പരിശ്രമിക്കണമെന്ന് അവന് എപ്പോഴും ഉപദേശം നല്‍കും. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ അവന് തോന്നാന്‍ വേണ്ടിയാണ് വാട്‌സ്ആപ്പ് ഡിപി നാല് വര്‍ഷമായി മാറ്റാത്തത്. അത് കാണുമ്പോള്‍ ടെസ്റ്റ് കളിക്കാന്‍ അവന് ഊര്‍ജ്ജം തോന്നും,' സന്തോഷ് അയ്യര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ 171 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതം 105 റണ്‍സെടുത്താണ് ശ്രേയസ് അയ്യര്‍ പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :