സ്വാമികളില്‍ യാഥാസ്ഥിതികമായ പാണ്ഡിത്യം ആധുനികവും ശാസ്ത്രീയവുമായ ജീവിതവീക്ഷണം വിപുലമായ ലോകപരിചയം സന്യാസിവൃത്തിക്ക് അനുഗുണമായ ജീവിതനിഷ്ഠകളാല്‍ പരിപക്വമായ സമദര്‍ശനപരത തുടങ്ങിയ ഗുണങ്ങള്‍ സമ്മേളിതമായിരുന്നു.
അദ്ദേഹത്തിന്‍റെ സമാധിയില്‍ സനാതന ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശ വാഹകനും ധര്‍മ്മത്തിന് ശക്തനായ ഒരു സന്ദേശവാഹകനും ലോകത്തിന് പ്രഥമഗണനീയനായ ഒരു ദാര്‍ശനികനും നഷ്ടപ്പെട്ടിരിക്കുന്നു.
എത്ര ഗഹനമായ വിഷയവും അനായസമായ രീതിയില്‍ കാവ്യാത്മകമായ ശൈലിയില്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്താനുള്ള അനുഗ്രഹീതമായ കഴിവിന്‍റെ ഉടമയായിരുന്നു അദ്ദേഹം. വ്യക്തിപരമായ ബന്ധത്തിലൂടെ അസംഖ്യം ആളുകളുടെ ജീവിതത്തെ അദ്ദേഹം രൂപപ്പെടുത്തുകയും പാകപ്പെടുത്തുകയും ചെയ്തിരുന്നു.
1908 ഡിസംബര്‍ പതിനഞ്ചിന് തൃശ്ശൂരിനു സമീപമുള്ള തൃക്കൂരിലാണ് സ്വാമി ജനിച്ചത്. പൂര്‍വാശ്രമത്തില്‍ ശങ്കരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഒല്ലൂരിലെ സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ശ്രീരാമകൃഷ്ണപരമഹംസന്‍റെയും സ്വാമി വിവേകാനന്ദന്‍റെയും രചനകള്‍ ശങ്കരന്‍ വായിക്കാനിടയായി. അങ്ങനെയാണ് ശ്രീരാമകൃഷ്ണ മിഷനുമായി അടുക്കുന്നത്.
1926 ജൂലായില്‍ മൈസൂരിലെത്തി ശ്രീരാമകൃഷ്ണമഠത്തില്‍ ചേര്‍ന്നു. 1933ല്‍ ശ്രീരാമകൃഷ്ണന്‍റെ ശിഷ്യനായ സ്വാമി ശിവാനന്ദയില്‍നിന്ന് ശങ്കരന്‍ സംന്യാസം സ്വീകരിച്ച് സ്വാമി രംഗനാഥാനന്ദയായി.
1939ല്‍ മ്യാന്‍മറിലെ യാങ്കോണിലെത്തിയ സ്വാമി രംഗനാഥാനന്ദ അവിടെ രാമകൃഷ്ണ മിഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി. യാങ്കോണിലെ മൂന്നു വര്‍ഷത്തിനുശേഷം 1942ല്‍ കറാച്ചിയിലെ മിഷന്‍ പ്രസിഡന്‍റു സ്ഥാനം അദ്ദേഹം ഏറ്റെടുത്തു.