പതിനാറാം വയസ്സില്‍ ബട്ടാല നഗരത്തിലെ സാത്വികനായ അരിക്കച്ചവടക്കാരനായിരുന്ന മൂല്‍ചന്ദ് ചോനയുടെ മകള്‍ സുലഖാനിയെ ഗുരുനാനക്ക് വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളുമുണ്ടായി.
മൂത്തമകന്‍ ശ്രീചന്ദ് ജിതേന്ദ്രിയനായ സന്യാസിയായി മാറി. ഉദാസികള്‍ എന്ന പേരിലുള്ള വിശ്വാസ വിഭാഗത്തിന് അദ്ദേഹം തുടക്കമിടുകയും ചെയ്തു. ഇളയമകന്‍ ലക്‍ഷ്മീ ദാസാവട്ടെ ലൌകിക ജീവിതത്തില്‍ ആസക്തനായിരുന്നു.
അതുകൊണ്ട് രണ്ട് മക്കള്‍ക്കും ഗുരുനാനാക്കിന്‍റെ പാത പിന്തുടരാനോ ഗുരു സ്ഥാനത്ത് എത്താനോ കഴിഞ്ഞില്ല. പതിനൊന്ന് സിക്ക് ഗുരുക്കന്മാരില്‍ രണ്ടാമന്‍ ഗുരു അനംഗ്ദേവ് ആയിരുന്നു.
മുപ്പതാം വയസ്സില്‍ ഗുരുനാനാക്കിനെ കാണാതായി. അദ്ദേഹം രാവിലെ കുളിക്കാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി എന്നാണു കരുതിയത്. കാളിബെയ്‌ന്‍ അഥവാ കുമ്പര്‍ ബെയ്‌ന്‍ എന്നായിരുന്നു ആ അരുവിയുടെ പേര്. മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം പ്രത്യക്ഷനായി. പിന്നീട് എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് അദ്ദേഹം നല്‍കിയത് - ഒരാളും ഹിന്ദുവല്ല, ഒരാളും മുസല്‍മാനുമല്ല.
ഈ ദര്‍ശനമാണ് പിന്നീട് സിക്ക് മതത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ യാത്രയ്ക്ക് തുടക്കമിട്ടത്. തന്‍റെ ആദര്‍ശങ്ങള്‍ അദ്ദേഹം പ്രചരിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹം ദീര്‍ഘദൂരം യാത്ര ചെയ്തു. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി.
അദ്ദേഹം എവിടെയൊക്കെ പോയി എപ്പോള്‍ പോയി എന്നീ കാര്യങ്ങളെ കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എങ്കിലും ആദ്യയാത്ര ബംഗാളിലേക്കും പിന്നീട് അസമിലേക്കുമായിരുന്നു.
പിന്നീട് തമിഴ്നാട് വഴി ശ്രീലങ്കയിലെത്തി. മൂന്നാമത്തെ യാത്രയില്‍ കശ്‌മീര്‍, ലഡാക്ക്, തിബത്ത് എന്നിവിടങ്ങളില്‍ പോയി. നാലാമത്തെ യാത്രയാവട്ടെ ബാഗ്ദാദിലേക്കും മെക്കയിലേക്കും ആയിരുന്നു.
1539 മേയ് ഏഴിന് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായ കര്‍ത്താര്‍പൂരിലാണ് ഗുരുനാനാക്ക് ദിവംഗതനായത്. സെപ്തംബര്‍ ഇരുപത്തി രണ്ടിനാണ് മരണം സംഭവിച്ചത് എന്നൊരു പ്രബലമായ വിശ്വാസവുമുണ്ട്.
ഒരു ദൈവമേയുള്ളു അതാണ് സത്യം എന്ന ഗുരുനാനാക്കിന്‍റെ വാക്യങ്ങളില്‍ നിന്നാണ് സിക്കുമതം പിറവിയെടുക്കുന്നത്.