ലൂയിസ് ലോക സിനിമയുടെ നെറുകയില്‍

PROPRO
ഡാനിയേല്‍ ഡേ ലൂയിസ് ഒരിക്കല്‍ കൂടി ലോക സിനിമയുടെ നെറുകയില്‍ എത്തിയിരിക്കുകയാണ്. അമ്പത്തൊന്നില്‍ എത്തി നില്‍ക്കുമ്പോഴും അഭിനയം എന്നും തന്‍റെ കൈകളില്‍ ഭദ്രമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ അതുല്യ പ്രതിഭ. എഴുപതുകളുടെ തുടക്കം മുതല്‍ സിനിമയില്‍ സജീവമായി തുടരുന്ന ലൂയിസിന് ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മികച്ച നടനുള്ള ഓസ്കാര്‍ ലഭിക്കുന്നത്.

അപ്ടോണ്‍ സിം‌ക്ലെയറിന്‍റെ ‘ഓയില്‍’ എന്ന കഥയെ ആസ്പദമാക്കി പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ‘ദേര്‍ വില്‍ ബി ബ്ലഡ്’ എന്ന ചിത്രത്തിലെ അഭിനയമാണ് ലൂയിസിനെ വീണ്ടും ഓസ്കാറിന് അര്‍ഹനാക്കിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനും ലൂയിസ് അര്‍ഹനായിരുന്നു.
വ്യവസായത്തില്‍ പുതിയ ഉയരങ്ങള്‍ തേടിയുള്ള പ്രയാണത്തിനിടയില്‍ സ്വന്തം ജീവിതം പോലും മറന്നു പോകുന്ന വ്യവസായിയുടെ ജീവിതം അസാധാരണമായ മികവോടെ അവതരിപ്പിച്ചതിനാണ് ഇത്തവണ ലൂയിസിനെ തേടി ഓസ്കാര്‍ എത്തുന്നത്. 1989ല്‍ ‘മൈ ലെഫ്റ്റ് ഫൂട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ലൂയിസിന് മികച്ച നടനുള്ള ഓസ്കാര്‍ ലഭിച്ചിരുന്നു.

1957 ഏപ്രില്‍ 29ന് ജനിച്ച ഡാനിയേല്‍ മൈക്കല്‍ ഡേ ലൂയിസിന് കുട്ടിക്കാലം മുതല്‍ അഭിനയം എന്ന കലയും പുരസ്കാരങ്ങളും കൂടെത്തന്നെയുണ്ട്. വളരെ സെലക്ടീവായി റോളുകള്‍ തെരഞ്ഞെടുക്കുന്ന നടനായാണ് ലൂയിസ് അറിയപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് ഈ നടന്‍ അഭിനയിച്ചിട്ടുള്ളത്. ഇതില്‍ ഒരു ചിത്രത്തിന് ഓസ്കാര്‍ ലഭിച്ചപ്പോള്‍ മറ്റൊന്നിന് ഓസ്കാര്‍ നാമനിര്‍ദ്ദേശവും ലഭിച്ചു.

1981ല്‍ ‘ഗാന്ധി‘ എന്ന ചിത്രത്തില്‍ തെരുവു മോഷ്ടാവിന്‍റെ റോളിലൂടെയാണ് ലൂയിസ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തൊണ്ണൂറുകളുടെ മദ്ധ്യം വരെ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ ലൂയിസ് ആരാധകരുടെ മനസില്‍ ഇടം നേടി. പിന്നീട് 1997ല്‍ ദി ബോക്സര്‍, 2002ല്‍ ഗ്യാങ്സ് ഓഫ് ന്യൂയോര്‍ക്ക്, 2007ല്‍ ദേര്‍ വില്‍ ബി ബ്ലഡ് എന്നീ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.

WEBDUNIA|
1997ല്‍ ലൂയിസ് സിനിമയില്‍ നിന്ന് ഇടക്കാല പിന്‍‌വാങ്ങല്‍ നടത്തി ഇറ്റലിയില്‍ ഷൂ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയത്തുള്ള അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് ആര്‍ക്കും കാര്യമായ അറിവില്ല. ഓസ്കാര്‍ കൂടാതെ ഗോള്‍ഡന്‍ ഗ്ലോബ്, ബി എ എഫ് ടി എ (ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്‍റ് ടെലിവിഷന്‍ ആര്‍ട്സ്) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :