1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഒളിമ്പിക്‍സ് 2008

ഒളിന്പിക്സ് ചരിത്രം

ഒളിന്പിക്സ് ചരിത്രം
ആദ്യ ഒളിന്പിക്സ് അരങ്ങേറിയത് ഗ്രീസിലെ ഒളിന്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി.സിയിലാണിതെന്നാണ്.

പുരാതനവും പ്രശസ്തവുമായ സീയുസ്, ഹെര ദേവന്മാരുടെ അന്പലത്തിനടുത്താണിത് നടന്നത്. മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതീഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു.

പുരാതന ഒളിന്പിക്സ് അന്നത്തെ ജീവിതത്തിന്‍റെ പ്രധാന ഭാഗമായിരുന്നു. രണ്ട് ഒളിന്പിക്സുകള്‍ക്കിടയിലുള്ള നാലു വര്‍ഷത്തെ ഒളിന്പ്യാഡ് എന്നാണ് വിളിച്ചിരുന്നത്. ഒളിന്പിക്സിന് വിജയികളാകുന്നവര്‍ക്ക് "ഒലിവ് മരത്തിന്‍റെ' ചില്ലയായിരുന്നു സമ്മാനം നല്‍കിയത്.

ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തി. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്.

വിജയികാളാവുക എന്നതിലുപരി മത്സരങ്ങളുടെ ഭാഗമാവുകയെന്നതും പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ശരീരത്തിന്‍റെയും ധൈര്യത്തിന്‍റെയും മനസിന്‍റെയും ഏകോപനമാണ് അന്നത്തെ മത്സരങ്ങളുടെ പ്രധാനസവിശേഷത. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മത്സരങ്ങളായിരുന്നു അന്ന് നടന്നിരുന്നത്.


ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിന്പിക്സില്‍ വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല.

എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹെരയുടെ സ്മരണാര്‍ത്ഥം നടത്തപ്പെട്ട "ഹെരാ ഗെയിംസില്‍' സ്ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ്-ഹെരാ എന്നിവരുടെ പുത്രനായ ഹെരാക്കിള്‍സാണ് ഒളിന്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസം ഉണ്ട്.

നിശ്ഛിതമായ സമയക്രമവും മറ്റും കാലക്രമേണ രൂപം കൊണ്ടു. ഒളിന്പിക്സ് അടയാളവും ഉപയോഗിക്കാന്‍ തുടങ്ങി. 12 നൂറ്റാണ്ടുകള്‍ ഇത് തുടര്‍ന്നു. 393 എ.ഡിയില്‍ അവിടെത്ത ഭരണാധികാരിയായ തിയോഡോസിസ് "വിഗ്രഹ ആരാധന'യുമായി ബന്ധപ്പെട്ട ഒളിന്പിക്സ് നിരോധിച്ചു.

ഒളിന്പിക് കളികള്‍ അത്‌ലറ്റിക്സിനും ആത്മീയ കാര്യങ്ങള്‍ക്കും അമിതമായ ശ്രദ്ധ പൊതുജനങ്ങളില്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അത്.