കേരളത്തില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്ക് സര്‍വകാല റെക്കൊര്‍ഡില്‍

ദുബായ്: | WEBDUNIA|
PRO
PRO
കേരളത്തില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്ക് സര്‍വകാല റെക്കൊര്‍ഡിലേക്ക്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പ്രവാസിയുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തില്‍ യാത്രാ നിരക്ക് കുതിച്ചു കയറിയിരിക്കുന്നത്. വലിയ തുക നല്‍കിയാലും മിക്ക വിമാനങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല.

ഗള്‍ഫില്‍ വേനലവധി കഴിഞ്ഞു സ്കൂളുകള്‍ തുറക്കുന്ന സമയമാണിപ്പോള്‍. യില്‍ ദുബായ് ഒഴിച്ച് മറ്റു എമിറേറ്റുകളിലും മറ്റു ജിസിസി രാജ്യങ്ങളിലും അടുത്ത ആഴ്ച സ്കൂള്‍ തുറക്കുന്നത് മുന്നില്‍ കണ്ട് എല്ലാ വിമാന കമ്പനികളും നിരക്ക് മുമ്പില്ലാത്തവിധം വര്‍ധിപ്പിച്ചത് കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് ഇരുട്ടടിയായിരിക്കയാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, പോലുള്ള വിമാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ലഭിച്ചവര്‍ക്കാകട്ടെ 50,000 ത്തിലധികം രൂപ നല്‍കേണ്ടിയും വന്നു. ഏറ്റവും കുറഞ്ഞ ഇക്കോണമി ടിക്കറ്റ് നിരക്കാണിത്. ബിസിനസ്,ഫസ്റ്റ് ക്ളാസ് ടിക്കറ്റുകള്‍ 75,000 രൂപ കടന്നു. യുഎഇ,ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടിയ നിരക്കുള്ളത്. ബജറ്റ് എയര്‍ലൈന്‍സുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ,സ്പൈസ് ജെറ്റ്,എയര്‍ അറേബ്യ തുടങ്ങിയ വിമാനങ്ങള്‍ക്ക് ഈ മാസം ഒമ്പത് വരെ 40,000 രൂപക്ക് മുകളിലാണ് നിരക്ക്. കുടുംബ സമേതം വരുന്നവര്‍ കൂടുതലും ബജറ്റ് എയര്‍ലൈന്‍സുകളെയാണ് ആശ്രയിക്കാറെങ്കിലും അതിനും പറ്റാത്ത അവസ്ഥ.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഈ മാസം ഒമ്പത് വരെ കേരളത്തില്‍ നിന്ന് ദുബൈ, അബുദാബി,അല്‍ ഐന്‍,ഖത്തര്‍,ബഹറൈന്‍,മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് കിട്ടാനില്ല. പത്തു മുതല്‍ ഉള്ള നിരക്കുകള്‍ 25,500 ന് അടുത്താണ്. എയര്‍ അറേബ്യയുടെ നിരക്കും കുറഞ്ഞത് 32,300 രൂപ വരും. ഈമാസം പത്തുവരെ എയര്‍ അറേബ്യയുടെ വെബ്സൈറ്റിലും സീറ്റ് ഇല്ലെന്നാണ് കാണിക്കുന്നത്. അഞ്ചാം തിയ്യതിയിലെ നിരക്ക് 40,605 രൂപയാണ്. പത്താം തിയതിക്ക് ശേഷം ഇത് 26,324 ആയി കുറയുന്നുണ്ട്.

തിരുവനന്തപുരം-ഷാര്‍ജ നാളത്തെ നിരക്ക് 40,794 ആണ്. ഇവിടെ നിന്ന് പത്താം തിയതി മുതല്‍ 29,000 രൂപക്കടുത്താണ് നിരക്ക്. ഇതേ നിരക്കുകള്‍ തന്നെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും.കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള ഇന്‍ഡിഗോയില്‍ ഒമ്പതാം തീയതി വരെയും സ്പൈസ്ജെറ്റില്‍ അഞ്ചാം തീയതി വരെയും സീറ്റില്ല. പിന്നീടുള്ള ദിവസങ്ങളില്‍ 25,000 രൂപക്ക് മുകളിലാണ് നിരക്ക്.

ബജറ്റ് വിമാനങ്ങളില്ലാത്ത എമിറേറ്റ്സ്,ഇത്തിഹാദ്,ജെറ്റ് എയര്‍വൈസ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വന്‍കിട വിമാനങ്ങളിലേക്കോന്നും സാധാരണക്കാരന് അടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അടുത്ത രണ്ടു ദിവസം കൊച്ചിയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിന്റെ ഫസ്റ്റ് ക്ളാസ് നിരക്ക് 84,885 രൂപയാണ്. ഇത് ബിസിനസ് ക്ളാസാണെങ്കില്‍ 60,000ത്തിന് മുകളിലും.എങ്ങിനെയെങ്കിലും എത്തികിട്ടിയാല്‍ മതിയെന്നത് കൊണ്ട് ഈ വിമാനങ്ങളിലും വന്‍ തുക കൊടുത്ത് ടിക്കറ്റെടുത്തവരുണ്ട്.

കഴിഞ്ഞ രണ്ടു ദിവസമായി എമിറേറ്റ്സ് അവരുടെ വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്കൊന്നും കാണിക്കുന്നില്ല. ഇത്രയും വലിയ വിമാന ടിക്കറ്റ് നിരക്ക് ചരിത്രത്തിലുണ്ടായിട്ടില്ലെന്നാണ് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സാധാരണഗതിയില്‍ ആറായിരം മുതല്‍ 10,000 രൂപ വരെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കാണ് അഞ്ചിരട്ടിയായി വിമാന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :