വരവേല്‍ക്കാം പുതു വര്‍ഷത്തെ!

WD
നേട്ടങ്ങളും കോട്ടങ്ങളും പുസ്തക താളില്‍ എന്ന പോലെ 365 ദിവസങ്ങളില്‍ ഒതുക്കി 2007 കടന്നു പോവുന്നു. പുതിയ സമീപനങ്ങള്‍ക്കും ലക്‍ഷ്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഉന്നമിട്ടുകൊണ്ട് നമുക്ക് 2008 നെ വരവേല്‍ക്കാം. എല്ലാ വായനക്കാര്‍ക്കും വെബ്‌ദുനിയയുടെ പുതുവത്സരാശംസകള്‍!

കേരളത്തില്‍ സ്മാര്‍ട്ട് സിറ്റി അടക്കം പല നേട്ടങ്ങള്‍ക്കും തുടക്കം കുറിച്ച വര്‍ഷമാണിത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ സാങ്കേതിക രംഗങ്ങളില്‍ പരമ പ്രധാനമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷമായും 2007 നെ കണക്കാക്കാം. ഇന്ത്യ ഊര്‍ജ്ജ മേഖലയിലെ പുതിയ ലക്‍ഷ്യമായി ആണവോര്‍ജ്ജത്തെ സ്വീകരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ ഏടാണ് 2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ്. മുമ്പെങ്ങുമില്ലാത്ത പോരാട്ട വീര്യം ജനാധിപത്യ അവകാശങ്ങളെ ഉയര്‍ത്തി കാട്ടുന്നതായിരുന്നു. ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയ്ക്ക് ആദ്യ വനിതാ രാഷ്ട്രപതിയെ ലഭിച്ചു. ഒരു വനിത രാഷ്ട്രപതിയാവുമ്പോള്‍ ‘രാഷ്ട്ര പത്നി’ എന്ന് സംബോധന ചെയ്യണോ എന്ന മാധ്യമ ചിന്തയും ശ്രദ്ധേയമാ‍യിരുന്നു.

നെഹ്രു കപ്പ് ചരിത്രത്തിലെ ആദ്യ ജയം, ഏഷ്യ കപ്പ് ഹോക്കിയിലെ ജയം, ട്വന്‍റി ട്വന്‍റി യുടെ ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് തുടങ്ങി കായിക മേഖലയിലും സ്വപ്ന സമാനമായ നേട്ടങ്ങളുടെ വര്‍ഷമായിരുന്നു 2007. നെഹ്രു കപ്പില്‍ വിജയ ഗോള്‍ നേടിയ എന്‍ പി പ്രദീപ് മലയാളിയുടെ അഭിമാനം ഉയര്‍ത്തി.

നോബല്‍ നേട്ടങ്ങളുടെ പട്ടികയിലും ഒരു ഇന്ത്യക്കാരന്‍റെ തലയെടുപ്പ് കണ്ട വര്‍ഷമായിരുന്നു 2007. സമാധാന നോബല്‍ പ്രഖ്യാപിച്ചപ്പോല്‍ ഇന്ത്യക്കാരനായ ഡോ.രാജേന്ദ്ര പച്ചൌരി രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ എന്ന ബഹുമതി മുകേഷ് അംബാനി കൈപ്പിടിയില്‍ ഒതുക്കിയതും രാജ്യത്തിന്‍റെ യശസ്സ് ശതഗുണീഭവിപ്പിച്ചു.

സിനിമയുടെ മേഖലയില്‍ 2007 ല്‍ കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ശ്രദ്ധേയമായി. ശ്യാമപ്രസാദിന്‍റെ ഒരേകടല്‍ എന്ന സിനിമ മേളയില്‍ മലയാളിക്ക് അഭിമാനത്തിന് വകയൊരുക്കി. അടൂര്‍ ഗോപാലകൃഷ്ണന്‍റെ നാലു പെണ്ണുങ്ങള്‍ മേളയിലെ സാന്നിധ്യം കൊണ്ടും അതേസമയം വിമര്‍ശനം കൊണ്ടുമാണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

വിവാദങ്ങളും വിമര്‍ശനങ്ങളും 2007 ല്‍ പുതിയ മാ‍നങ്ങള്‍ കണ്ടു. പകര്‍ച്ചപ്പനി, ഡോക്ടര്‍ സമരം, ശബരിമല, മൂന്നാര്‍ ഒഴിപ്പിക്കല്‍ തുടങ്ങി കേരളത്തില്‍ വിവാദങ്ങളുടെ കാലമായിരുന്നു കഴിഞ്ഞു പോയ വര്‍ഷം. ഇന്ത്യന്‍ രാഷ്ട്രീയ രംഗം കൂട്ടുകക്ഷി ഭരണത്തിന്‍റെ ദുര്‍ബ്ബലത തുറന്നുകാട്ടി.


PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :