സജിത്ത്|
Last Updated:
ശനി, 8 ഒക്‌ടോബര്‍ 2016 (12:44 IST)
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് നവരാത്രി എന്ന സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലുമായാണ് ഈ ഉത്സവം നീണ്ടുനില്‍ക്കുന്നത്. ഇക്കാലയളവില്‍ ശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുകയാണ് ചെയ്യുക. നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായി സങ്കല്‍പ്പിച്ചും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ചുമാണ് പൂജകള്‍ നടത്തുക.
ആരാണ് അംബ:
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബ. കാശി മഹാരാജാവിൻറെ പുത്രിയായിരുന്നു
അംബ എന്നതാണ് ചരിത്രം. കാശി മഹാരാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയം വരം നടത്തി. ഇതിനിടയില്‍ ഹസ്തിനപുരത്തെ രാജാവായ വിചിത്രവീര്യനുവേണ്ടി തന്റെ സര്‍വശക്തിയും ഉപയോഗിച്ച് അംബയേയും സഹോദരിമാരായ അംബിക, അംബാലിക എന്നിവരെയും ഭീഷ്മര്‍ പിടിച്ചു കൊണ്ടുവന്നു. ഇതില്‍ മനം നൊന്ത് അംബ ആത്മാഹൂതി ചെയ്യുകയും പിന്നീട് ശിഖണ്ഡിയായി ജനിക്കുകയും ചെയ്തുയെന്നാണ് കഥ.
ആരാണ് കാളി:
ആദിമകാലഘട്ടത്തില്‍ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂർത്തിയായിത്തീർന്ന ദേവതയാണ് കാളി. സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. സൃഷ്ടിയുടെ കാരണം സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽനിന്നായിരുന്നു ശാക്തേയര്‍ ശക്തിയുടെ പ്രതീകമായി കാളിയെ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കാളിയെന്നത് പാര്‍വ്വതി ദേവിയുടെ പര്യായമായി മാറുകയാണ് ചെയ്തത്.
ആരാണ് ദുര്‍ഗ്ഗ:
“സർവ്വമംഗല മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ”
ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതി ദേവിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗാദേവി. മഹിഷാസുരന്‍ തനിക്ക് കിട്ടിയ വരത്തിന്റെ ബലത്തില്‍ ഭൂമിയിലും ദേവ ലോകത്തുമെല്ലാം കാട്ടികൂട്ടിയ അക്രമങ്ങള്‍ അവസാനിപ്പിച്ച് ആ അസുരനെ വധിക്കുന്നതിനായി ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് നടത്തിയ ഒരു പുതിയ സൃഷ്ടിയാണ് ദുർഗ്ഗാദേവിയെന്നാണ് വിശ്വാസം. പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായ ദേവിയായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്.